Thursday, November 8, 2012

ഏകാന്തം

ഏകാന്തം ...


ഒറ്റപ്പെടല്‍  - ആറാം വയസ്സില്‍ അവള്‍ക്കു ലഭിച്ച സമ്മാനം, കൊതിപ്പിക്കുന്ന മണവും ആകര്‍ഷിക്കുന്ന നിറവുമായി അവള്‍ക്കു മുന്നില്‍ വച്ച് നീട്ടിയ പഴക്കൂടയിലൊന്നില്‍ ഒളിഞ്ഞിരുന്ന അണുകീടം !
ആ കുഞ്ഞു മനസ്സ് ഒന്നും അറിയുന്നുണ്ടായിരുന്നില്ല . എന്തിനെയും തന്‍റെ വരുതിയിലാക്കാന്‍ വാശി പിടിച്ചു കരയുന്ന ഒരു കൊച്ചു കുട്ടിയുടെ ദാര്‍ഡ്യത്തോടെ, എന്തും നേരിടാന്‍ തന്റേടം ഉണ്ടെന്നു തോന്നിയ ലാഖവത്തോടെ, അതുമല്ലെങ്കില്‍ നിലനില്‍പ്പിനു വേണ്ടി ആഹാരം കഴിക്കണമെന്ന സത്യത്തിന്‍റെ നിസംഗതയോടെ തനിക്കു മുന്നില്‍ വച്ചു നീട്ടിയ ഓരോ ഫലങ്ങളും അവള്‍ ഭക്ഷിച്ചു. ഇതു വരെ കാണാത്ത ഒരു ലോകം അവള്‍ക്കു മുന്നില്‍ തുറക്കുകയായിരുന്നു. പുതിയൊരു പൂന്തോട്ടം കാണുന്ന തുമ്പിയുടെ ഉത്സാഹത്തോടെ ആ കുട്ടി  അവിടേക്ക്  പാറി പറന്നു, തന്‍റെ സ്വന്തം ഉദ്യാനത്തിന്റെ പ്രവേശന വാതില്‍ തനിക്കു പിന്നില്‍ കൊട്ടിയടയ്കപ്പെട്ടതറിയാതെ.
കാലാന്തരങ്ങളില്‍ പഴക്കൂടകള്‍ മാറി മാറി അവളുടെ മുന്നില്‍ നിരന്നു .അവയ്ക്ക് പുതിയ രൂപവും ഭാവവും വന്നു. പുതിയ ഉടുപ്പുകള്‍, കളികോപ്പുകള്‍, സംരക്ഷകര്‍ ..പക്ഷെ, അവയിലോരോന്നിലും ഒറ്റപ്പെടല്‍ എന്ന മഹാഫണി വിഷം നിറച്ച പല്ലുകളുമായി, നാവു നുണഞ്ഞ്, ഒരു അണുകീടമായി അവളെ ദംശിക്കാനായി പതുങ്ങിയിരുന്നു .അറിവില്ലായ്മയുടെ എട്ടു  വര്‍ഷങ്ങള്‍ താണ്ടി, തിരിച്ചറിവിന്റെ പതിനാലില്‍, അവള്‍ക്ക്  തക്ഷകനായി മാറിയ അണുകീടത്തിന്റെ ദംശനമേറ്റു. അതിന്റെ വിഷം അവളുടെ ഓരോ ഞരമ്പുകളിലും പടര്‍ന്നു. അത് സങ്കടത്തിന്റെയും, നിരാശയുടെയും, വിദ്വേഷത്തിന്റെയും, തിരസ്കാരത്തിന്റെയും ഭാവ ഭേദങ്ങള്‍ കൈക്കൊണ്ട് പുഴുക്കളായി പെരുകി അവളെ വീണ്ടും വീണ്ടും കുത്തി നോവിച്ചു. അവളുടെ വേദന ആരും കണ്ടില്ല. കാണേണ്ടവര്‍ അത് കണ്ടില്ലെന്നു നടിച്ചു - ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ ഹൃദയത്തിന്റെ വേദന കണ്ടില്ലെന്നു നടിക്കുന്നതാണ്, മുതിര്‍ന്ന മനസുകളുടെ അപക്വമായ പരിഭവം പറച്ചിലുകള്‍ക്ക് മറുപടി കണ്ടെത്തുന്നതിലും ഉചിതം എന്നവര്‍ ന്യായീകരിച്ചു. അവളുടെ വ്യഥകള്‍,  പുറത്തേക്കു തള്ളുവാന്‍ കഴിയാത്ത ഒരു വിങ്ങലായി  ഹൃദയത്തില്‍ ഒരിക്കലും ഉണങ്ങാത്തൊരു മുറിപ്പാടിനുള്ളില്‍ അഭയം തേടി.


കാലം കടന്നു പോയി. ഋതുക്കള്‍ മഞ്ഞായി, മഴയായി, വെയിലായി, ഇലകളായി കൊഴിഞ്ഞു വീണു.
ഒറ്റപ്പെടലിന്റെ അരക്ഷിതാവസ്ഥ മാത്രം ഋതുഭേദങ്ങള്‍ ഏല്‍ക്കാതെ അവളെ പിന്തുടര്‍ന്നു . അനാദിയായ സ്നേഹത്തിന്റെ  കയങ്ങളിലേക്കു മനസ്സെറിയാതെ, വേരറ്റൊടുങ്ങിയ വേര്‍പാടില്‍ അര്‍ദ്രമായ കണ്ണുകളില്‍ കണ്ണുകള്‍ ഉടക്കാതെ , അബോധ തലങ്ങളിലെ സുരക്ഷിതമായ താവളം തേടി അവള്‍ നടന്നു പോയി. അവളുടെ കണ്ണുകളില്‍ മങ്ങി നിന്നിരുന്ന വിളക്കിലെ തിരികള്‍ വീണ്ടും തെളിഞ്ഞു കത്തി. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്നു കൊച്ചിളം  ചുണ്ടുതിര്‍ത്ത മണിക്കിലുക്കങ്ങളില്‍ മയങ്ങി അവള്‍ എല്ലാം തെല്ലിട മറന്നു.
ഖടികാര സിരകള്‍ മുറിച്ച് കാലം പിന്നെയും കുതിച്ചോടി . സഹവാസത്തിന്റെ സഹിഷ്ണുതയില്‍, സ്വപ്നങ്ങളെ സ്വന്തമാക്കാനുള്ള പാച്ചിലില്‍, വ്യര്‍ഥമായി അടര്‍ന്നു വീണ നിമിഷങ്ങളെ കൂട്ടിയിണക്കാനുള്ള വ്യഗ്രതയില്‍, തന്റെ അസ്തിത്വത്തിന്റെ ചുവരുകള്‍ ഒന്നൊന്നായി അടര്‍ന്നു വീഴുന്നത് ഉള്‍ഭയത്തോടെ അവള്‍ നോക്കികണ്ടു . പോക്കുവെയില്‍ ഏറ്റ സായാഹ്നങ്ങളുടെ മൗനത്തില്‍, മകര മഞ്ഞിന്റെ കുളിരു വീണു  തണുത്ത രാത്രികളില്‍, മനസ്സ് വീണ്ടും ഒറ്റപ്പെടുന്നത് അവളറിഞ്ഞു .

തനിച്ചല്ല എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും , ഇതെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന മാറാലകളാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അവള്‍ പലപ്പൊഴും പരാജയപ്പെട്ടു പോയി . സ്വപ്നങ്ങളില്‍,  കാളസര്‍പ്പം അതിന്റെ ഫണങ്ങള്‍ കുടഞ്ഞ്‌ ഉണങ്ങാന്‍ ശ്രമിക്കുന്ന മുറിവുകള്‍ വീണ്ടും കൊത്തി ഇളക്കുന്നു .
ഇതിനൊരവസാനം  ഉണ്ടോ ? !
ഉണ്ടായിരിക്കാം..നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി അവളുടെ ഞരമ്പുകളിലൂടെ തെളിഞ്ഞും മറഞ്ഞും ഒഴുകുന്ന വിഷലിപ്തമായ രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ .
ഇല്ലായിരിക്കാം ..അണുവായി വന്ന് പരമായി വളര്‍ന്ന് ഉള്‍കാമ്പുകളെ  ഗ്രസിച്ച ഈ വിഷം, ഒടുവില്‍ നിര്‍ജീവമായ ഞരമ്പുകളില്‍ തണുത്തുറഞ്ഞ ഒരു ബീജമായി മണ്ണിനടിയില്‍ മയങ്ങിയേക്കാം . സുഖകരമായ ആ ആലസ്യത്തില്‍ മയങ്ങവേ.. ആസന്നമായ വര്‍ഷത്തിന്റെ അകമ്പടിയായി എത്തിയ ഇടിമുഴക്കങ്ങളില്‍ ഞെട്ടിയുണര്‍ന്ന്,  പിന്നീട് പുതുമഴയുടെ ഗന്ധങ്ങളില്‍ അനുരക്തമായി ,ചെളി മണ്ണില്‍ നിന്നും തളിരും പൂവും കായും വിടര്‍ത്തി ആ  ബീജം മറ്റൊരു മരമായി വളര്‍ന്നേക്കാം . അതില്‍ കായ്ച്ച മോഹഫലം ഭക്ഷിക്കാന്‍ മറ്റൊരു പാവം ആത്മാവ് എവിടെയോ പിറവിയെടുത്തേക്കാം ...

-R.