(അവളുടെയും) തെറ്റുകൾ ?
--------------------------
നഗര മധ്യത്തിലൂടെ
ഓടുന്ന ബസ്സിൽ
കുടൽമാല വലിച്ചൂരപ്പെട്ടും
ഇരുമ്പുദണ്ഡ് കയറിയ
പ്രാണവേദനയിലും
അവൾ പിച്ചി ചീന്തപ്പെട്ടു ..
-പാതിരാത്രി ആണൊരുത്തന്റെ
കൂടെ കറങ്ങി നടന്നിട്ടല്ലേ?
ആസിഡു വീണു
പൊള്ളിക്കരിഞ്ഞു
വികൃതമായ മുഖവുമായി
ഒന്നല്ല ,ഒരുപാട് പെൺമുഖങ്ങൾ..
-സൗന്ദര്യത്തിന്റെ അഹങ്കാരം
അവളവന്റെ പ്രണയത്തെ നിരസിച്ചിട്ടല്ലേ ?
അതിഥി ദേവോ ഭവ
എന്നാണത്രെ
ദേവതയെ മരുന്നിൽ മയക്കി
ആസക്തി തീർത്തശേഷം
കഴുത്തു ഞെരിച്ചു തള്ളി..
-മദാമ്മ തൊലിവെളുപ്പു കാണിച്ചു
കറങ്ങി നടന്നത് കൊണ്ടല്ലേ?
മറ്റൊരു നഗരത്തിരക്കിൽ
ഓടുന്ന വാഹനത്തിൽ
ഇനിയുമൊരുവൾ
മാനത്തിന്റെ വിലപേശലുകൾക്കിരയായി..
-ജോലി കഴിഞ്ഞു അസമയത്തു
തനിയെ സഞ്ചരിച്ചതുകൊണ്ടല്ലേ?
തലയോടു പാതി തകർന്നു
പാളത്തിൽ വീണു കിടന്നിട്ടും
ഒറ്റക്കയ്യൻ
അവളെ വലിച്ചിഴച്ചു
പൊന്തക്കാട്ടിൽ കൊണ്ടുപോയി
കാമം തീർത്തു ..
-അസമയത്തു ആളൊഴിഞ്ഞ
ലേഡീസ് കംപാർട്മെന്റിൽ
ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടല്ലേ
പത്തു വയസ്സുകാരി
ഗർഭം മുഴുവൻ ചുമന്നു
വയറുകീറി പ്രസവിക്കട്ടെ
എന്ന് പരമോന്നത നീതിന്യായം ..
-അടക്കി ഒതുക്കി വളർത്താതെ
അമ്മാവനെയും ഭയത്തോടെ കാണാൻ
അവളെ ശീലിപ്പിക്കാഞ്ഞിട്ടല്ലേ ?
അറുപതു കഴിഞ്ഞിരുന്നു
ആ അമ്മയ്ക്ക് ..
-വീട്ടിലാരുമില്ലാതിരുന്ന സമയം
ഭർത്താവിനെ അന്വേഷിച്ചു വന്ന
മകനോളം പ്രായമുള്ള
പരിചയക്കാരൻ ചെറുപ്പക്കാരനെ
എന്തുകൊണ്ട് ഉമ്മറത്ത് നിർത്തിയില്ല ?
പക്ഷേ ...പക്ഷേ ..
ഭൂമിയിൽ ,കേവലം
എട്ടു മാസം മാത്രമെത്തിയ
ഒരു പെൺപൈതൽ !
പിഞ്ചു കാലിടുക്കുകൾക്കിടയിലെ
ചോരയിറ്റുന്ന മുറിവുകൾ
മണിക്കൂറുകൾ നീണ്ട
ശസ്ത്രക്രിയയിൽ തുന്നിക്കെട്ടി
ഏതോ ഇന്റെൻസീവ് കെയർ യൂണിറ്റിൽ
മരണത്തോട് മല്ലിടുന്നു ..അതോ !
അപ്പോൾ പ്രശ്നം
പെണ്ണിന്റെ നടപ്പോ ഉടുപ്പോ
കൊഴുപ്പോ കഴപ്പോ ഒന്നും അല്ല
പ്രശ്നം മനസ്സിനാണ്
രോഗം മൂർച്ഛിച്ചു
വ്രണം പിടിച്ചു വികൃതമായ
ചില ആണത്തങ്ങളുടെ
വൈകല്യമനസിനു .
ഒരു തൂക്കു കയറിലെ
നിമിഷ മരണം ഇവർക്ക് വേണ്ട
ഇനി ബാക്കിയായ
മനുഷ്യായുസ്സു മുഴുവൻ
ഇവർ പുഴുത്തരിക്കണം
കാമം കൊണ്ടന്ധരായവർക്കു
കാഴ്ചയെന്തിന് ..
കണ്ണുകൾ പിഴുതെറിയണം
പകൽ മുഴുവൻ
കഴുകന്മാർ
കൊത്തിവലിക്കുന്ന ഉടൽ
അന്തിമയങ്ങുമ്പോൾ
പൂർവ്വസ്ഥിതിയിലാക്കണം
പിറ്റേന്ന് വീണ്ടും
കഴുകന്മാർക്കു കൊത്തിവലിച്ചു കീറുവാൻ..
അങ്ങനെ ഓരോ ദിവസവും
അവർ ഇഞ്ചിഞ്ചായി മരിക്കട്ടെ ..
-രാധിക ഭദ്രൻ