Monday, December 31, 2018

2019 ലേക്ക്

കൂട്ടി കുറച്ചു ഗുണിച്ചുഹരിച്ചു ഒക്കെ നോക്കിയാൽ 2018 മൊത്തത്തിൽ ഒരു 'കണക്കാ'യിരുന്നു .
വ്യക്തിപരമായി ഒരുപാട് ആകുലതകളിൽ കൂടി കടന്നുപോയ വർഷമായിരുന്നു . അതൊക്കെ ആവശ്യമുള്ളതായിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല . 'ലാക്രിമൽ ഗ്ലാൻഡ് 'ആവശ്യത്തിലധികം പ്രവർത്തിച്ചു ക്ഷീണിച്ചു  കട്ടപുറത്തു കയറ്റുന്ന പരുവമായി .
അത്രമേൽ നോവുന്നതാണെന്നു അറിഞ്ഞും ചില നോവുകളെ  പിന്നെയും കാത്തിരുന്നു ..നൊമ്പരങ്ങൾ ഒരു ലഹരി എന്നപോലെ എന്നെ വിഴുങ്ങിയിരുന്നോ ?! 

അങ്ങനെ അങ്ങനെ ഇടയ്ക്കു കാലിടറിയാലും ,തട്ടി തടഞ്ഞാലും ,ഉൾമുറിവുകൾ പിന്നെയും കുത്തി നീറുമ്പോളും ഒക്കെ തിരിച്ചു വരവില്ലാത്തൊരു നിലയില്ലാ കയത്തിലേക്ക് വീഴാൻ വിടാതെ എന്നെ എപ്പോളും ചേർത്ത് നിർത്തുന്നൊരുവളുണ്ട് -ഈ ഞാൻ തന്നെ !
പൊള്ളിക്കുന്ന സത്യങ്ങളുടെയും മോഹിപ്പിക്കുന്ന മിഥ്യയുടെയും തീയിലുരുകവേ 'വെന്തെരിയില്ല നീ -എന്തെന്നാൽ ചുറ്റിലുമെരിയുന്ന അഗ്നിയേക്കാൾ തീക്ഷണതയേറിയ അഗ്നി പേറുന്നവളാണ് നീ ' എന്ന് എന്നെ സ്വയം ഓർമ്മിപ്പിക്കുന്ന ഞാൻ . കെട്ടുപോയതാണ് , അവശേഷിച്ച ഒരു കനൽ പൊരിയിൽ കാറ്റുപിടിപ്പിച്ചു പിന്നെയും തെളിയിച്ചതും അവളാണ് -എന്നിലെ ഞാൻ ..എന്നിട്ടും തീരെ ശ്രദ്ധിക്കാത്തതും അവളുടെ ആരോഗ്യമാണ് .

നേട്ടങ്ങളുണ്ടായതു - സൗഹൃദങ്ങളിലാണ് - ഒന്നല്ല ,ഒരു പിടി. അകലങ്ങളിൽ ഇരുന്നും ആരെല്ലാമായോ മാറി ഒരേ കഥകൾ പറയുന്ന കടലുകൾ.
ഓർമ്മച്ചെപ്പിൽ എടുത്തുവയ്ക്കാൻ  നല്ലോർമ്മകൾ തന്ന സൗഹൃദങ്ങൾ -പക്ഷെ കുന്നോളം കൂട്ടിവയ്ക്കാൻ ഒരു പിടി വാരി എടുത്തപ്പോളും വിരലുകൾക്കിടയിലൂടെ ചിലതു ഊർന്നു പോയെന്നു തോന്നി .

തീരെ അവഗണിച്ചത് -സാമ്പത്തികം - അതുപിന്നെ ഉള്ളത് പറയാമല്ലോ 2018 നെ പറഞ്ഞിട്ട് ഒരു  കാര്യമില്ല - കണക്കെഴുതുക എന്നൊരു പരിപാടിയില്ല ..എന്ത് വന്നു എന്ത് പോയി..ആവോ !  പണ്ടൊരു മസാലദോശയുടെയും ചായയുടെയും കണക്കെഴുതിയ കൂട്ടത്തിൽ വെട്ടി തള്ളിയതാ .  ആ ഡിപ്പാർട്മെന്റിലേക്കു പിന്നെ ഞാൻ പോയിട്ടില്ല  .   

എന്തായാലും മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളുടെയും കാരണം ഒന്നാണെന്ന് തോന്നുന്നു - നല്ല അസ്സൽ  ഓട്ട കയ്യാണ് .മുറുക്കാതെ പിടിച്ചാൽ ചോർന്നു വീഴും ,മുറുക്കി പിടിച്ചാൽ കൈ ചെറുതായി കവിഞ്ഞു വീഴും എന്ന അവസ്ഥ .പോകാനുള്ളത് പോകും .. കൂട്ടാണെങ്കിലും ജോർജൂട്ടി ആണെങ്കിലും .. എന്നാലും അധികം മുറുക്കാതെയും അത്രത്തോളം അഴക്കാതെയും പിടിച്ചാൽ ചോർച്ച തടയാൻ പറ്റുമാരിക്കും .

ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുകളിലൊന്ന് -തിരക്ക് - ഏറ്റവും ഇഷ്ടപെടാത്തതും ,ഒട്ടും ന്യായീകരണമില്ലാത്തതും . എന്തിനുവേണ്ടി എന്ന്  ആലോചിച്ചുപോയിട്ടുണ്ട്.. വേണ്ടപ്പെട്ടതിനു വേണ്ടി സമയം മിനക്കെട്ടു കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ വേണമെന്ന് തോന്നുമ്പോൾ ഒന്നും അടുത്തുണ്ടായിരിക്കില്ല  എന്ന്  ശരിക്കും കുറ്റബോധം തോന്നിയിരുന്നു .

പുതുവർഷത്തിൽ എന്തെങ്കിലും റെസൊല്യൂഷൻ എടുത്തതായോ എടുത്താൽ തന്നെ അത് പാലിച്ചതായോ ഓർമ്മയില്ല . അമിത പ്രതീക്ഷകളൊന്നും തന്നെ വയ്ക്കുന്നില്ല . 2018 ൻറെ അവലോകനത്തിൽ  കുറവുകളെന്നോ ,മാറ്റേണ്ടതാണെന്നോ തോന്നുന്നവയെ മാറ്റാൻ ശ്രമിക്കും , ഞാൻ ഞാനായി ഇരുന്നു കൊണ്ടു തന്നെ .

സന്തോഷവും സമാധാനവും കൂടെയുണ്ടാകട്ടെ --ആശംസകൾ ,നല്ല നാളെകൾക്കായി ..