ഇന്ന് വയർ അകെ കുളമായ ഒരു ദിവസമായിരുന്നു . .വൈകുന്നേരം മുതൽ ഒരു വല്ലായ്മ. കാരണം സ്വയം കൃതാനർത്ഥം തന്നെ.കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു അവകാഡോ സ്മൂത്തി കുടിക്കണം എന്നുള്ളത്. അങ്ങനെ നോക്കി നോക്കി ഇരുന്ന് ഇന്നാണ് അതൊന്നു പരീക്ഷിച്ചത്. അവകാഡോയും ആപ്പിളും വഴിയേ പോയ വെളളരിക്കയും ഒകെ കൂട്ടി അടിച്ചു സ്മൂത്തി റെഡി ആകുമ്പോൾ ഒരുപാട് പ്രതീക്ഷിച്ചതാ ..ആദ്യത്തെ സ്പൂൺ വായിൽ വെച്ചപ്പൊ തന്നെ ആ അഹങ്കാരം പോയിക്കിട്ടി. പിന്നെ കാശ് കൊടുത്തു വാങ്ങിയ സാധനം അല്ലേ ,കളയണ്ട എന്ന് വിചാരിച്ചു കഷ്ടപ്പെട്ട് പാതി കുടിച്ചു . ആരോഗ്യം വന്നില്ലെന്ന് മാത്രമല്ല ഉള്ളതിന്റെ കാര്യം പരുങ്ങലിൽ ആകുകേം ചെയ്‌തു. രാത്രി ആയപോളെക്കും വിശന്നു പണ്ടാരമടങ്ങി .അമ്മേടെ വയറ്റിലെന്താ ഓട്ടോറിക്ഷ ഓടുവാണോ എന്ന് പറഞ്ഞു മടിയിൽ കിടന്ന കൊച്ചു പേടിച്ചു നേരെ ബെഡ്‌റൂമിൽ പോയികിടന്നു . കഴിച്ചാൽ ഓട്ടോറിക്ഷ അല്ല ,തീവണ്ടി ഓടും എന്ന് പേടിച്ചിട്ടു എന്തെങ്കിലും കഴിക്കാനും മടി . അങ്ങനെ ശോക മൂകമായി ഇരികുമ്പോളാണ് വെളിപാടുണ്ടായത്. ഛെ ,എനിക്കെന്തേ ഈ ബുദ്ധി നേരത്തെ പോയില്ല എന്നും മൊഴിഞ്ഞു നേരെ അടുക്കളയിലേക്കു ഓടി. വയറു വയ്യാത്തപ്പോളും പനിച്ചു മേലനങ്ങാൻ വയ്യാതെ ഇരിക്കുമ്പോളും വായ്ക്ക് രുചി ആയി കഴിക്കാൻ എന്തേലും ഉണ്ടെങ്കിൽ അത് കട്ടൻ കാപ്പി മാത്രമാണ്. കട്ടൻ കാപ്പി കണ്ടു പിടിച്ചവരെ മനസ്സാ നമിച്ചു ,മിനിട്ടുകൾക്കുള്ളിൽ ഉള്ളതിൽ വലിയ ഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ കാപ്പി റെഡി . കൂട്ടത്തിൽ ഇങ്ങനെ മുക്കി മുക്കി ഊതി തിന്നാൻ കുറച്ചു ബണ്ണും. ഹോ! കണ്ണ് നിറഞ്ഞുപോയി . എന്തായാലും സംഗതി ക്ലിക്ക് ആയി. ഓട്ടോറിക്ഷ ഓട്ടം നിർത്തി.
അങ്ങനെ കട്ടൻ കാപ്പിയും മൊത്തി ഇരിക്കുമ്പോളാണ് രസകരമായ രണ്ടോർമ്മകൾ ഫ്‌ളൈറ്റ് പിടിച്ചു വന്നത്. ഇതിനു മുന്നേ ഇത്രേം ആർത്തി പിടിച്ചു കട്ടൻ കാപ്പി കുടിച്ചത് ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാൽ എൻ്റെ ആദ്യത്തെ കുഞ്ഞിനെ ആദ്യമായി കൈയിൽ ഏന്തിയ ദിവസം. ഫ്ലാഷ്ബാക്ക് ടു പ്രസവ വാർഡ്...
അങ്ങനെ കട്ടൻ കാപ്പിയും മൊത്തി ഇരിക്കുമ്പോളാണ് രസകരമായ രണ്ടോർമ്മകൾ ഫ്‌ളൈറ്റ് പിടിച്ചു വന്നത്. ഇതിനു മുന്നേ ഇത്രേം ആർത്തി പിടിച്ചു കട്ടൻ കാപ്പി കുടിച്ചത് ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാൽ എൻ്റെ ആദ്യത്തെ കുഞ്ഞിനെ ആദ്യമായി കൈയിൽ ഏന്തിയ ദിവസം. ഫ്ലാഷ്ബാക്ക് ടു പ്രസവ വാർഡ്...
രാവിലെ അഞ്ചു മണിക്ക് ഉണർത്തി , ആഹാരം കഴിച്ചോളാൻ നേഴ്സ് മാലാഖ പറഞ്ഞപ്പോ , ഈ സ്നേഹം കൊണ്ടെന്നെ വീർപ്പു മുട്ടിക്കല്ലേ എന്ന് പറയാൻ വാ തുറന്നതാ..പിന്നെ കേട്ട വെള്ളിടി "ഇനി കഴിക്കാനൊന്നും ചോതിക്കല്ലെ അപ്പീ , പ്രസവം കഴിഞ്ഞാലേ ഇനി എന്തെരെങ്കിലും കഴിക്കാൻ പറ്റൂ.." തുറന്ന വായ് അതേ സ്പീഡിൽ അടച്ചു ..വരാനിരിക്കുന്നതോർത്തു തൊണ്ടയിൽ നിന്ന് ഒരിറ്റു താഴോട്ടും ഇറങ്ങുന്നില്ല. പത്തുകൊല്ലം മുന്നത്തെ നാട്ടിലെ പ്രസവ വാർഡ് അത്ര പുരോഗമിച്ചിട്ടില്ലാത്തതു കൊണ്ടും ,പ്രസവിക്കുന്നതും വേദന തിന്നുന്നതും പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തം ആയതുകൊണ്ടും ഭർത്താവിനെ വാർഡിന്റെ ഏഴയലത്തു അടുക്കാൻ സമ്മതിക്കില്ല.വേണമെങ്കിൽ വാലിൽ തീ പിടിച്ച പോലെ വാർഡിനു മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം ,ഓടാം, കാത്തു നിന്ന് മടുക്കുമ്പോൾ ആസ്പത്രി റോഡിനെതിരെ യുള്ള ഹോട്ടലിൽ കേറി ബോണ്ടയും പരിപ്പുവടയും തിന്നാം ..അങ്ങനെ എത്ര ഓപ്ഷനുകൾ . വാർഡിൽ ആണെങ്കിലോ ,നിരയായി കട്ടിലുകൾ .വെറുതെ കിടന്നു അങ്ങ് വേദനിച്ചാൽ മാത്രം മതി .
'എനിക്ക് ഓപ്പറേഷൻ വേണ്ടേ ,എനിമ മതി.' എന്ന മട്ടിൽ എന്റെ ഇടതു വശത്തുകിടന്ന പെണ്ണ് കരഞ്ഞു തുടങ്ങി. ഇനി കരഞ്ഞില്ലെങ്കിൽ നഴ്സുമാർ എന്ത് വിചാരിക്കും എന്ന് കരുതി കരയണോ വേണ്ടായോ എന്ന് മനസ്സിൽ ടോസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മാലാഖയുടെ സ്നേഹ വർഷം "ഒന്ന് അടങ്ങി കെടക്ക് കൊച്ചെ ..". മിണ്ടാതിരിക്കുന്നത് മാനം . എനിക്ക് നല്ല വേദനയെടുക്കുന്നു സിസ്റ്ററെ എന്ന് പതിയെ പറഞ്ഞൊപ്പിച്ചപ്പോൾ നഴ്സിന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരി.."കൊള്ളാല്ലോ ..നന്നായി എടുക്കട്ടെ എന്നു" ! മകൾക് പ്രസവ വേദന, അമ്മയ്ക്ക് വീണ വായന എന്ന് മനസ്സിൽ പ്രാകാൻ തുടങ്ങുമ്പോളാണ് ആ മാലാഖ കൂട്ടിച്ചേർത്തത് , "നല്ല വേദന വന്നാലേ സുഖ പ്രസവം ആകൂ". അങ്ങനെ ചീത്ത വിളിക്കാനുള്ള ആ ചാൻസും പോയി. മാലാഖ പിന്നെയും മൊഴിഞ്ഞു "മോളായിരിക്കും " ..ന്ഹാ ഇങ്ങനെ എത്ര എത്ര നിറവയറുകൾ കണ്ടു തഴമ്പിച്ച കണ്ണുകൾ . പലരും ഉരുളി കമഴ്ത്തിയതും ഉണ്ണിയപ്പം നേദിച്ചതും വെറുതെ ആയല്ലോ എന്നോർത്ത് ആ വേദനയിലും ചിരി പൊട്ടി. വേദനയെക്കാൾ ഏറെ തോന്നിയത് ഒറ്റപെടലാണ്..ഈർപ്പം പിടിച്ച ആ വലിയ മുറിയിൽ തനിയെ.. തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. ഒരല്പം വെള്ളം ചോദിച്ചിട്ടു ഒരു മാലാഖയും തിരിഞ്ഞു നോക്കുന്നില്ല. കുറെ കഴിഞ്ഞു കഷ്ടം തോന്നിയിട്ടാകണം , ഒരു മാലാഖ വന്നു ഫില്ലറിൽ അളന്നു രണ്ടേ രണ്ടു തുള്ളി വെള്ളം തന്നു . എന്താകാൻ..വായിൽ എത്തുന്നതിനു മുന്നേ അത് ആവിയായി പോയി. മണിക്കൂറുകൾ പിന്നെയും കഴിഞ്ഞു.അതുവരെയുള്ള ജീവിതം എന്നത്തേയ്ക്കുമായി മാറ്റി മറിച്ചുകൊണ്ടു ഒരു കൊച്ചു സുന്ദരി തന്നെ ഭൂജാതയായി. ഞാൻ അപ്പോളേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ അരികിലെ മാലാഖ ചിരിച്ചു. തീയറ്ററിൽ നിന്ന് പുറത്തു വരാൻ പിന്നെയും സമയം എടുത്തു. വയറിൽ ഒരു ആന്തലായിരുന്നു. തളർന്നു അവശയായി അങ്ങനെ കിടക്കുമ്പോളാണ് മറ്റൊരു മാലാഖ ,സത്യമായും ഇപ്പോൾ വെള്ള വസ്ത്രവും കിരീടവും ചൂടിയ പോലെ തോന്നിയ ഒറിജിനൽ മാലാഖ ഒരു പ്ലേറ്റിൽ ബ്രഡ്ഡും ഒരു ഗ്ലാസ് നിറയെ ആവി പറക്കുന്ന കട്ടൻ കാപ്പിയും ആയി വന്നത്. കുടിച്ചോളൂ ..എന്ന് . ദേ ആദ്യം പറഞ്ഞപോലെ...കണ്ണ് നിറഞ്ഞുപോയി. കണ്ണടച്ച് ഒരു പിടി ആയിരുന്നു. ഒരിച്ചിരി കൂടെ ..എന്ന് ചോദിച്ചപ്പോൾ മാലാഖ പിന്നെയും ഒഴിച്ച് തന്നു. സത്യത്തിൽ അത്രയ്ക്കും ആർത്തിയോടെ, സ്വാദായി ഒരു ആഹാരവും അതിനു മുന്നേ എന്നല്ല പിന്നെയും കഴിച്ചിട്ടില്ല.
അങ്ങനെ ആലോചിച്ചു വന്നപ്പോൾ പിന്നെ ഓർത്തത് മുത്തശ്ശനെ (അമ്മയുടെ അച്ഛൻ ) ആണ്. കഥകളി ആശാൻ , ഓതിക്കോൻ , ജ്യോതിഷി, കവി അങ്ങനെ ഒരു ഓൾ റൗണ്ടർ ആയിരുന്നു മുത്തശ്ശൻ. ഒരു മധുരപ്രിയൻ.. സർവോപരി കട്ടൻ കാപ്പി പ്രേമിയും . 'അക്കുച്ച' എന്നാണ് മുത്തശ്ശൻ പേര മക്കളെ (പെൺകുട്ടികളെ ) വിളിച്ചിരുന്നത്. പലപ്പോഴും വേനലവധിയും വിഷുവും അമ്മാത്ത് (അമ്മയുടെ വീട്) ആയിരിക്കും .ആറ് മക്കളിലായി 15 ൽപരം പേരക്കുട്ടികളുണ്ടെങ്കിലും മുത്തശ്ശൻ എല്ലാവർക്കും വിഷു കൈനീട്ടം നൽകി ..വിഷുവല്ലെങ്കിൽ കൂടി തിരികെ പോരാൻ നേരത്തു "അക്കുച്ചേ ..ഇങ്ങു വാ "എന്ന് നീട്ടി വിളിച്ചു , പേഴ്സിൽ കയ്യിട്ടു തപ്പി ഒരു രൂപ എടുത്തു കയ്യിൽ തരും . 3 വയസ്സുള്ള കൊച്ചു മകൾക്കും 30 വയസുള്ള മകൾക്കും ഒരു രൂപ തന്നെയായിരിക്കും സമ്മാനം . മുത്തശ്ശൻ പേഴ്സിൽ കൈ ഇട്ട് കൈനീട്ടം എടുക്കുന്നത് വരെയുള്ള സമയം യുഗങ്ങളായി തോന്നിയിരുന്നു. പക്ഷെ ആ ഒരു രൂപയുടെ സ്നേഹത്തിനു ഒരുപാടായിരങ്ങളെക്കാൾ വിലയുണ്ടായിരുന്നു.
ആയിരത്തി തൊള്ളായിരത്തി എണ്പതുകളിലോ അതിനു മുന്നെയോ ആവണം , കട്ടൻ കാപ്പിയോടുള്ള അദമ്യമായ തൻ്റെ സ്നേഹത്തെ പറ്റി
മുത്തശ്ശൻ ഒരു കവിത തന്നെ രചിച്ചു , കുട്ടിക്കാലത്തു വായിച്ചതോ കേട്ടതോ ആയ ആ കവിതയുടെ മൂന്നോ നാലോ വരികൾ അല്ലാതെ എനിക്കധികം ഓർമ്മയില്ല .
ആയിരത്തി തൊള്ളായിരത്തി എണ്പതുകളിലോ അതിനു മുന്നെയോ ആവണം , കട്ടൻ കാപ്പിയോടുള്ള അദമ്യമായ തൻ്റെ സ്നേഹത്തെ പറ്റി
മുത്തശ്ശൻ ഒരു കവിത തന്നെ രചിച്ചു , കുട്ടിക്കാലത്തു വായിച്ചതോ കേട്ടതോ ആയ ആ കവിതയുടെ മൂന്നോ നാലോ വരികൾ അല്ലാതെ എനിക്കധികം ഓർമ്മയില്ല .
"...
മുട്ടാതെ പല്ലു തേയ്ക്കാതിരുപതു ദിവസം വാണിടാം , പ്രേമമേറും -
മറ്റോലും വാണിയാളെ (ഭാര്യയെ ആണ് കവി ഉദേശിച്ചത്.. ) പരിചിനൊടു പിരിഞ്ഞാറു മാസം വസിക്കാം ..
കൂട്ടാൻ കൂട്ടാതെ ഉണ്ണാം ,ഒരുപടി ദിനം എണ്ണ തേയ്ക്കാതിരിക്കാം
കട്ടൻ ബെഡ് കോഫി കിട്ടാതിവനൊരു ദിവസം പോലുമേ വാഴ്ക വയ്യ ! "
എന്നു പോകുന്നു വരികൾ .
മുത്തശ്ശന്റെ സെൻസ് ഓഫ് ഹ്യൂമർ നു ഹാറ്റ്സ് ഓഫ് ..അമൃതിനും പാല്പായസത്തിനും തുല്യമായിട്ടാണ് മുത്തശ്ശൻ കട്ടൻ കാപ്പിയെ കണ്ടത്. ഒട്ടും സ്വാദില്ലെങ്കിലും കട്ടൻ തരുന്നൊരുന്മേഷം ഉണ്ടല്ലോ..അതിനാണ് മാർക്ക് . കഥകളിയും ജ്യോതിഷവും കഴിഞ്ഞാൽ ചീട്ടു കളിക്കുക ആണ് മുത്തശ്ശന്റെ വിനോദം . പക്ഷെ കട്ടൻ കിട്ടാൻ ആ ചീട്ടുകളി പോലും വേണ്ടെന്നു വയ്ക്കാൻ പുള്ളി റെഡി. കഥകളി ആചാര്യനായ അദ്ദേഹം കട്ടന് വേണ്ടി ചാത്തൻ വേഷം കെട്ടാനും റെഡി . പത്തു കെട്ടു പപ്പടം ഒറ്റ ഇരുപ്പിൽ ചുടാം ..കാട്ടാറിൽ ചാടണോ , ആനയുടെ കൊമ്പു പിടിക്കണോ എന്തിനു ഭാര്യയുടെ കാലു പിടിക്കാനും (ഒരു പത്തു നാല്പതു കൊല്ലം മുൻപത്തെ മേൽ ഷോവനിസ്റ്റിക് സൊസൈറ്റി ആയിരുന്നു ബാക്ഗ്രൗണ്ട എന്നോർക്കണം ) മുത്തശ്ശൻ റെഡി ആയിരുന്നു. ഇതെല്ലാം കവിതയിൽ സരസമായി പറഞ്ഞിട്ടുള്ളതായാണ് ഓർമ .
എന്തായാലും ഐ എസ് ടി വിളിച്ചു അച്ഛനെ കൊണ്ട് മുത്തശ്ശൻറെ കവിത അലമാരയിൽ നിന്നും തപ്പിയെടുപ്പിചിട്ടേ കലിപ്പുകൾ അടങ്ങിയുള്ളൂ ..
(കട്ടൻ കാപ്പി കവിത , 1980 ഇൽ എഴുതിയത്.. ചുവടെ ചേർക്കുന്നു )
എൻ്റെ ഓർമകളിൽ കട്ടൻ കാപ്പിക്ക് കടുപ്പിൻ്റെ കവർപ്പില്ല.. മധുരമുള്ള മഞ്ഞോർമ്മയായി മുത്തശ്ശനും, മാതൃത്വത്തിന്റെ മധു നുകരാൻ വെമ്പുന്ന കൊച്ചു സുന്ദരിയും മാത്രം ..എന്തായാലും ഈ കട്ടൻ കാപ്പി ഒരു സംഭവം തന്നെ.. നാലു തലമുറകളെ ,ഓർമ്മയിലെങ്കിലും കൂട്ടിയിണക്കിയ
ഒരു കണ്ണി.
കടപ്പാട് -കട്ടൻ കാപ്പി
-R .
Interesting read!! Written well!
ReplyDeleteThank You
Delete