Sunday, December 19, 2021

മാനിപുലേറ്റീവ് ബിഹേവിയർ , ടോക്സിക് സൗഹൃദങ്ങൾ , ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് എന്നൊക്കെ കേൾക്കുമ്പോൾ നമ്മളിൽ പലരും വിചാരിക്കും ഇതൊക്കെ മുതിർന്നവരെ സംബന്ധിക്കുന്ന  കാര്യങ്ങൾ ആണെന്ന് . എന്നാൽ അല്ല . വളരെ ചെറിയ പ്രായത്തിൽ തന്നെ, മൂന്നു മുതൽ ഏഴുവരെ യുള്ള കാലഘട്ടത്തിൽ തന്നെ പല കുട്ടികളും  മാനിപുലേറ്റീവ് ടെക്‌നിക്‌സ് മാസ്റ്റർ ചെയ്യാറുണ്ട് .

അവരും കുട്ടികളല്ലേ , നിഷ്കളങ്കർ അല്ലെ ,കുട്ടിത്തരം അല്ലെ  എന്നൊക്കെ വിചാരിക്കാൻ വരട്ടെ , കുട്ടികളുടെ ഇന്റെറാക്ഷൻ വളരെ ശ്രദ്ധിച്ചു മനസിലാക്കിയാൽ മനസിലാകും എത്ര സമർത്ഥമായിട്ടാണ് മറ്റുള്ളവരുടെ മേൽ അവർ ആധിപത്യം സ്ഥാപിക്കുന്നത് എന്ന് . മറ്റു വ്യക്തികളുടെ ഫീലിങ്ങ്സ് കൂടുതലായി മനസിലാക്കുകയും , കരുതലും പരിഗണനയും കാണിക്കുകയും ചെയുന്ന കുട്ടികളാണ് മാനിപുലേറ്റീവ് കിഡ്സ് ന്റെ വലയിൽ വീഴുന്നത് എന്ന് പ്രത്യേകം പറയണ്ടല്ലോ . അതവരെ വലിയ തരത്തിൽ മാനസികമായി ബാധിക്കുകയും ചെയ്യുന്നുണ്ട് .

ഇമോഷണൽ അറ്റാക്സ്‌ വളരെ സമർത്ഥമായി പ്രയോഗിക്കുന്നവരാണ് മാനിപുലേറ്റീവ് കിഡ്സ്  .  മറ്റു കുട്ടിയുമായി വളരെ അടുത്ത് ഇടപഴകുകയും കൂട്ട് കൂടുകയും ഒരുമിച്ചു കളിക്കുകയും ചെയ്യും . നീയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് , നീയില്ലാതെ എനിക്ക് പറ്റില്ല , you are the best, you make me  happy  എന്നീ പോസിറ്റീവ് അഫിർമേഷൻസ് ലൂടെ മറ്റു കുട്ടിയുമായി ഒരു അടുപ്പം ഉണ്ടാക്കിയെടുക്കും .അങ്ങനെ  അടയും ശർക്കരയുമായി ഇരിക്കുമ്പോൾ, ഇവർ പറയുന്നത് മറ്റു കുട്ടിയെ സ്വാധീനിക്കുന്നുണ്ട് എന്നറിയുമ്പോൾ   ഇവർക്ക് മനസിലാകും ഈ നനഞ്ഞ മണ്ണ് എളുപ്പത്തിൽ കുഴിക്കാമല്ലോ എന്നും, കാര്യങ്ങൾ ഒക്കെ എപ്പോളും സ്വന്തം വരുതിയിൽ വരുന്നത് എളുപ്പമാക്കാമെന്നും മേൽക്കോയ്മ ഉറപ്പിക്കാം എന്നും . പോസിറ്റീവ് ആയിട്ടു കൊടുക്കുന്ന ഡോസുകളുടെ കൂടെ പതിയെ ഇവർ കമാൻഡ് ചെയ്യാൻ തുടങ്ങും . ഡയറക്റ്റ് അക്ക്യൂസഷൻസ് കൊണ്ട് മറ്റു കുട്ടിയിൽ ഉത്ഖണ്ഠ സൃഷ്ടിക്കും .


"നീ എന്നെ തീരെ കെയർ ചെയ്യുന്നില്ല ,എനിക്ക് വിഷമം ആയി "- Because of You 

"ഞാൻ വീണപ്പോൾ നീ ഓടി അടുത്ത് വന്നു അയ്യോ പാവം പറഞ്ഞില്ല " -Because of You 

 "നീ ഇന്ന് ക്ലാസ്സിൽ വരാത്തത്  കൊണ്ട് ഞാൻ തനിയെ ആയിപോയി എന്റെ ഇന്നത്തെ ദിവസം ഏറ്റവും  മോശം ആയിരുന്നു "- Because of You 

"നീ അല്ലെങ്കിലും ഒരിക്കലും എന്നെ കണക്കാക്കിയിട്ടില്ല ,എനിക്ക് വിഷമം ആയി " - Because of You 

" മറ്റേ കുട്ടിക്ക് എന്നെ ഇഷ്ടമല്ല അതുകൊണ്ടു നീയും അവരുടെ കൂടെ കളിക്കണ്ട " - Its an Order

"നീ എപ്പോഴും എന്റെ വീട്ടിൽ വന്നു കളിക്കുന്നു , അപ്പോൾ ഞാൻ പറയുന്നത് കേൾക്കണം " - you  obey me 

"മറ്റു കുട്ടികളോട് കൂടെ കളിയ്ക്കാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നു !" -You have to seek my approval

ഭയം ,കടമ , കുറ്റബോധം ഇതൊക്കെ നനഞ്ഞ മണ്ണിലേക്ക് ആഴ്ന്നു ഇറങ്ങും പിന്നെ . 'ഞാൻ കാരണം ' ആരും വിഷമിക്കാൻ ഇഷ്ടമില്ലാത്ത കുട്ടി ഇതൊക്കെ കേട്ട് 'ഞാനായിട്ട് ആരേം വിഷമിപ്പിക്കുന്നില്ല ' എന്ന നിലപാടായിരിക്കും എടുക്കുക . ഫലമോ ഉള്ളിന്റെയുള്ളിൽ അവർ തകർന്നുപോകും , പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനോ ഇടപഴകാനോ ഒക്കെയുള്ള താല്പര്യം നഷ്ടപ്പെടുകയും അന്തർമുഖരായി മാറുകയും ചെയ്യും .ഒറ്റപെട്ടു പോകും .  കുട്ടിക്ക് മറ്റൊരു സുഹൃത്ത് ഉണ്ടാവുന്നതോ മറ്റു കുട്ടികളുമായി കളിക്കുന്നതോ മാനിപുലേറ്റീവ് സുഹൃത്ത്  പ്രോത്സാഹിപ്പിക്കില്ല എന്ന് മാത്രമല്ല ,അവർക്കെതിരെ തിരിക്കുകയും ചെയ്യും .  കുട്ടിയോട് അതിയായ സ്നേഹം പ്രകടിപ്പിച്ചു താൻ  മാത്രം ആണ് കുട്ടിയുടെ  ഏറ്റവും നല്ല സുഹൃത്ത് എന്നു കുട്ടിയിൽ തോന്നലുണ്ടാക്കും . താൻ മാനിപ്പുലേറ്റഡ് ആവുന്നു എന്നത് കുട്ടി പോലും സ്വയം മനസിലാക്കുന്നുണ്ടാവില്ല പലപ്പോഴും .

 മാതാപിതാക്കൾക്ക് കുട്ടിയുടെ ഈ അവസ്ഥ ഒന്നും വേഗം മനസിലായി എന്നുവരില്ല, കുട്ടിയുടെ അതുവരെയുള്ള  സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നതുവരെ , അതുമല്ലെങ്കിൽ സ്കൂളിൽ നിന്നു concern വരുന്നതുവരെ  . കളിച്ചു ചിരിച്ചു ഉത്സാഹത്തോടെ സ്കൂളിൽ പോയിരുന്ന കുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുക , വീട്ടിൽ വഴക്കുണ്ടാക്കുക ,ചെറിയ കാര്യങ്ങൾക്കു കരയുക ,വാശി പിടിക്കുക ഇതൊക്കെ /ഇവയിൽ ഏതെങ്കിലുമൊക്കെ കാണിച്ചു തുടങ്ങിയാൽ  ,വെറുതെ വാശി മടി എന്ന് ലേബൽ ചെയ്യുന്നതിന് മുന്നേ ഈ മാറ്റമുണ്ടാകാൻ എന്താണ് കാരണം എന്ന് ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും.

കുട്ടിയോട് നേരിട്ട് സംസാരിക്കുക   ,മാറ്റങ്ങളുടെ കാരണം മനസിലാക്കുക .അച്ഛൻ ,അമ്മ എന്നീ പവർ പൊസിഷൻസ് വിട്ടു അവരോടൊപ്പം ഇറങ്ങിച്ചെല്ലുമ്പോൾ തന്നെ അമ്മയോടോ അച്ഛനോടോ എന്തും പറയാം എന്ന ആത്മവിശ്വാസം കുട്ടിക്കുണ്ടാകും .

വളർച്ചയുടെ പടവുകളിൽ പല സന്ദർഭങ്ങളിൽ പ്രതികൂലമായ പല ചുറ്റുപാടുകളോടും കുട്ടി നേരിടേണ്ടിവരും .ഇതല്ലെങ്കിൽ മറ്റൊന്ന്  .അത് തരണം ചെയ്തു കടത്തി വിടാൻ പേരെന്റ്സ് എല്ലായ്‌പോഴും കൂടെ ഉണ്ടായിക്കൊള്ളണം  എന്നില്ല .   അതുകൊണ്ട് തന്നെ ഒരു മാനിപുലേറ്റീവ് സൗഹൃദത്തിൽ പെട്ട് കുഞ്ഞു വിഷമിക്കുന്നു എന്ന് മനസിലാക്കിയാൽ ആ പ്രശ്നത്തിൽ നിന്നും ഓടി ഒളിക്കാതെ അത് എങ്ങനെ ഡീൽ ചെയ്തു മുന്നോട്ടു പോകാം, കുട്ടിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും  എന്നതു കുട്ടിയുമായി സംസാരിക്കുക.  

സുഹൃത്തിനു എന്ത് തോന്നും,അതുകൊണ്ടു കുട്ടിയുടെ  ഭാഗം പറയാതെ ഒതുങ്ങി നിൽക്കാം ,കുട്ടിയുടെ ജീവിതം സുഹൃത്ത്   പറയുന്നതിനനുസരിച്ചു വളയ്ക്കാം  എന്നതല്ല , മറിച്ചു NO പറയേണ്ടിടത്തു NO തന്നെ പറയണം എന്ന് പറഞ്ഞുകൊടുക്കുക . Learn to speak up  your mind . 

കുട്ടിക്ക് അവനവനിഷ്ടമുള്ളതു ചെയ്യാൻ , ഇഷ്ടമുള്ളവരോടെല്ലാം കളിയ്ക്കാൻ സുഹൃത്തിന്റെ 'അനുവാദം' ആവശ്യമില്ല എന്ന് പറഞ്ഞുകൊടുക്കുക.

ഒരു സൗഹൃദം മാത്രം ആശ്രയിച്ചു കഴിയാതെ , വ്യത്യ്സ്ത സ്വഭാവമുള്ള ഒരുപാടു വ്യക്തികളുമായും കൂട്ടുകാരുമായും ഇടപഴകാൻ ഉള്ള സാഹചര്യം അവർക്കു ഉണ്ടാക്കി കൊടുക്കുക. പല തരത്തിലുള്ളവരുമായി  ഇടപഴകി കളിച്ചു അവർ വളരട്ടെ .

മാതാപിതാക്കളുടെ കണ്ണും കാതും എത്താത്ത ഇടമാണ് ക്ലാസ് മുറികൾ . മാനിപുലേറ്റീവ് ആയ സുഹൃത്ത് സഹപാഠിയായി ഒരേ ക്ലാസ്സിൽ ആണെങ്കിൽ സ്കൂളിൽ ടീച്ചേർസ് മായി സംസാരിച്ചു കുട്ടിയുടെ സ്കൂൾ മുറിയിലെ  പെരുമാറ്റം   മനസിലാക്കുക . മറ്റു  കുട്ടികളുമായി ഇടപഴകി കളിക്കാനും പഠിക്കാനും ഉള്ള അവസരം കുട്ടിക്ക് കൂടുതൽ ലഭ്യമാക്കാൻ ടീച്ചേർസ് ന്റെ സഹായം ആവശ്യപ്പെടാം .

സുഹൃത്തിന്റെ പെരുമാറ്റം പരിധി കടന്നാൽ സുഹൃത്തിന്റെ മാതാപിതാക്കളുമായി സംസാരിക്കുക.ആവശ്യമെങ്കിൽ തീർച്ചയായും സുഹൃത്തുമായി അകലം പാലിക്കാം . കൊച്ചു കുട്ടികളുടെ പിണക്കങ്ങളിൽ ഇടപെട്ടു വഷളാക്കണ്ട ,അവരുടെ പ്രശ്നം അവർ തീർക്കട്ടെ എന്ന നിലപാട് എപ്പോഴും ശരിയായി എന്ന് വരില്ല . അവർക്കു സഹായം ആവശ്യമായി വരുമ്പോൾ തീർച്ചയായും ഇടപെടണം , അവരുടെ കൂടെ നിൽക്കണം . 

സൗഹൃദങ്ങൾ കുട്ടിയെ  മാനസികമായി താഴ്ത്താൻ ഉള്ളതല്ലെന്നും അങ്ങനെ തോന്നുന്ന നിമിഷം എത്ര തന്നെ അടുപ്പം ഉണ്ടെങ്കിലും അതിൽ നിന്ന് തിരിഞ്ഞു നടന്നു തുടങ്ങുവാനുള്ള സ്വാതന്ത്ര്യം കുട്ടിക്കുണ്ടെന്നും  ഓർമ്മിപ്പിക്കുക . സന്തോഷത്തിന്റെ താക്കോൽ സ്വയം കയ്യിൽ വയ്കേണ്ടതാണെന്നും അത് കവർന്നെടുക്കാൻ മറ്റാരെയും അനുവദിക്കരുതെന്നും അവർ അറിയട്ടെ .

(ഒരു കുട്ടി എന്തുകൊണ്ട് മാനിപ്പുലേറ്റീവ് ആകുന്നു  എന്നതിന് ഒരു കാരണം ഉണ്ടാകാം. കുട്ടി വളരുന്ന കുടുംബാന്തരീക്ഷം , മറ്റു ഇടപെടലുകൾ ,അനുഭവങ്ങൾ , ഇതൊക്കെയും കാരണങ്ങൾ ആകാം .അതിലേക്കു കടക്കുന്നില്ല. മാനിപുലേറ്റീവ് സൗഹൃദം മൂലം ബാധിക്കപ്പെടുന്ന കുട്ടികളുടെ  വശത്തു നിന്നുള്ള ചിന്തകളാണിത് , ആർക്കെങ്കിലും ഉപകാരപ്രദമായാലോ എന്ന് കരുതി കുറിച്ചിട്ടതാണ്‌ )

R.

19-Dec-2021



Monday, December 31, 2018

2019 ലേക്ക്

കൂട്ടി കുറച്ചു ഗുണിച്ചുഹരിച്ചു ഒക്കെ നോക്കിയാൽ 2018 മൊത്തത്തിൽ ഒരു 'കണക്കാ'യിരുന്നു .
വ്യക്തിപരമായി ഒരുപാട് ആകുലതകളിൽ കൂടി കടന്നുപോയ വർഷമായിരുന്നു . അതൊക്കെ ആവശ്യമുള്ളതായിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല . 'ലാക്രിമൽ ഗ്ലാൻഡ് 'ആവശ്യത്തിലധികം പ്രവർത്തിച്ചു ക്ഷീണിച്ചു  കട്ടപുറത്തു കയറ്റുന്ന പരുവമായി .
അത്രമേൽ നോവുന്നതാണെന്നു അറിഞ്ഞും ചില നോവുകളെ  പിന്നെയും കാത്തിരുന്നു ..നൊമ്പരങ്ങൾ ഒരു ലഹരി എന്നപോലെ എന്നെ വിഴുങ്ങിയിരുന്നോ ?! 

അങ്ങനെ അങ്ങനെ ഇടയ്ക്കു കാലിടറിയാലും ,തട്ടി തടഞ്ഞാലും ,ഉൾമുറിവുകൾ പിന്നെയും കുത്തി നീറുമ്പോളും ഒക്കെ തിരിച്ചു വരവില്ലാത്തൊരു നിലയില്ലാ കയത്തിലേക്ക് വീഴാൻ വിടാതെ എന്നെ എപ്പോളും ചേർത്ത് നിർത്തുന്നൊരുവളുണ്ട് -ഈ ഞാൻ തന്നെ !
പൊള്ളിക്കുന്ന സത്യങ്ങളുടെയും മോഹിപ്പിക്കുന്ന മിഥ്യയുടെയും തീയിലുരുകവേ 'വെന്തെരിയില്ല നീ -എന്തെന്നാൽ ചുറ്റിലുമെരിയുന്ന അഗ്നിയേക്കാൾ തീക്ഷണതയേറിയ അഗ്നി പേറുന്നവളാണ് നീ ' എന്ന് എന്നെ സ്വയം ഓർമ്മിപ്പിക്കുന്ന ഞാൻ . കെട്ടുപോയതാണ് , അവശേഷിച്ച ഒരു കനൽ പൊരിയിൽ കാറ്റുപിടിപ്പിച്ചു പിന്നെയും തെളിയിച്ചതും അവളാണ് -എന്നിലെ ഞാൻ ..എന്നിട്ടും തീരെ ശ്രദ്ധിക്കാത്തതും അവളുടെ ആരോഗ്യമാണ് .

നേട്ടങ്ങളുണ്ടായതു - സൗഹൃദങ്ങളിലാണ് - ഒന്നല്ല ,ഒരു പിടി. അകലങ്ങളിൽ ഇരുന്നും ആരെല്ലാമായോ മാറി ഒരേ കഥകൾ പറയുന്ന കടലുകൾ.
ഓർമ്മച്ചെപ്പിൽ എടുത്തുവയ്ക്കാൻ  നല്ലോർമ്മകൾ തന്ന സൗഹൃദങ്ങൾ -പക്ഷെ കുന്നോളം കൂട്ടിവയ്ക്കാൻ ഒരു പിടി വാരി എടുത്തപ്പോളും വിരലുകൾക്കിടയിലൂടെ ചിലതു ഊർന്നു പോയെന്നു തോന്നി .

തീരെ അവഗണിച്ചത് -സാമ്പത്തികം - അതുപിന്നെ ഉള്ളത് പറയാമല്ലോ 2018 നെ പറഞ്ഞിട്ട് ഒരു  കാര്യമില്ല - കണക്കെഴുതുക എന്നൊരു പരിപാടിയില്ല ..എന്ത് വന്നു എന്ത് പോയി..ആവോ !  പണ്ടൊരു മസാലദോശയുടെയും ചായയുടെയും കണക്കെഴുതിയ കൂട്ടത്തിൽ വെട്ടി തള്ളിയതാ .  ആ ഡിപ്പാർട്മെന്റിലേക്കു പിന്നെ ഞാൻ പോയിട്ടില്ല  .   

എന്തായാലും മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളുടെയും കാരണം ഒന്നാണെന്ന് തോന്നുന്നു - നല്ല അസ്സൽ  ഓട്ട കയ്യാണ് .മുറുക്കാതെ പിടിച്ചാൽ ചോർന്നു വീഴും ,മുറുക്കി പിടിച്ചാൽ കൈ ചെറുതായി കവിഞ്ഞു വീഴും എന്ന അവസ്ഥ .പോകാനുള്ളത് പോകും .. കൂട്ടാണെങ്കിലും ജോർജൂട്ടി ആണെങ്കിലും .. എന്നാലും അധികം മുറുക്കാതെയും അത്രത്തോളം അഴക്കാതെയും പിടിച്ചാൽ ചോർച്ച തടയാൻ പറ്റുമാരിക്കും .

ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുകളിലൊന്ന് -തിരക്ക് - ഏറ്റവും ഇഷ്ടപെടാത്തതും ,ഒട്ടും ന്യായീകരണമില്ലാത്തതും . എന്തിനുവേണ്ടി എന്ന്  ആലോചിച്ചുപോയിട്ടുണ്ട്.. വേണ്ടപ്പെട്ടതിനു വേണ്ടി സമയം മിനക്കെട്ടു കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ വേണമെന്ന് തോന്നുമ്പോൾ ഒന്നും അടുത്തുണ്ടായിരിക്കില്ല  എന്ന്  ശരിക്കും കുറ്റബോധം തോന്നിയിരുന്നു .

പുതുവർഷത്തിൽ എന്തെങ്കിലും റെസൊല്യൂഷൻ എടുത്തതായോ എടുത്താൽ തന്നെ അത് പാലിച്ചതായോ ഓർമ്മയില്ല . അമിത പ്രതീക്ഷകളൊന്നും തന്നെ വയ്ക്കുന്നില്ല . 2018 ൻറെ അവലോകനത്തിൽ  കുറവുകളെന്നോ ,മാറ്റേണ്ടതാണെന്നോ തോന്നുന്നവയെ മാറ്റാൻ ശ്രമിക്കും , ഞാൻ ഞാനായി ഇരുന്നു കൊണ്ടു തന്നെ .

സന്തോഷവും സമാധാനവും കൂടെയുണ്ടാകട്ടെ --ആശംസകൾ ,നല്ല നാളെകൾക്കായി ..











Thursday, February 8, 2018


(അവളുടെയും) തെറ്റുകൾ ?
--------------------------
നഗര മധ്യത്തിലൂടെ
ഓടുന്ന ബസ്സിൽ
കുടൽമാല വലിച്ചൂരപ്പെട്ടും
ഇരുമ്പുദണ്ഡ് കയറിയ
പ്രാണവേദനയിലും
അവൾ പിച്ചി ചീന്തപ്പെട്ടു ..
-പാതിരാത്രി ആണൊരുത്തന്റെ
കൂടെ കറങ്ങി നടന്നിട്ടല്ലേ?

ആസിഡു വീണു
പൊള്ളിക്കരിഞ്ഞു
വികൃതമായ മുഖവുമായി
ഒന്നല്ല ,ഒരുപാട് പെൺമുഖങ്ങൾ..
-സൗന്ദര്യത്തിന്റെ അഹങ്കാരം
അവളവന്റെ പ്രണയത്തെ നിരസിച്ചിട്ടല്ലേ ?

അതിഥി ദേവോ ഭവ
എന്നാണത്രെ
ദേവതയെ മരുന്നിൽ മയക്കി
ആസക്തി തീർത്തശേഷം
കഴുത്തു ഞെരിച്ചു തള്ളി..
 -മദാമ്മ തൊലിവെളുപ്പു കാണിച്ചു
കറങ്ങി നടന്നത് കൊണ്ടല്ലേ?

മറ്റൊരു നഗരത്തിരക്കിൽ
ഓടുന്ന വാഹനത്തിൽ
ഇനിയുമൊരുവൾ
മാനത്തിന്റെ വിലപേശലുകൾക്കിരയായി..
-ജോലി കഴിഞ്ഞു അസമയത്തു
തനിയെ സഞ്ചരിച്ചതുകൊണ്ടല്ലേ?

തലയോടു പാതി തകർന്നു
പാളത്തിൽ വീണു കിടന്നിട്ടും
ഒറ്റക്കയ്യൻ
അവളെ വലിച്ചിഴച്ചു
പൊന്തക്കാട്ടിൽ കൊണ്ടുപോയി
കാമം തീർത്തു ..
-അസമയത്തു ആളൊഴിഞ്ഞ
ലേഡീസ് കംപാർട്മെന്റിൽ
 ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടല്ലേ

പത്തു വയസ്സുകാരി
ഗർഭം മുഴുവൻ  ചുമന്നു
വയറുകീറി പ്രസവിക്കട്ടെ
എന്ന് പരമോന്നത നീതിന്യായം ..
-അടക്കി ഒതുക്കി വളർത്താതെ
അമ്മാവനെയും  ഭയത്തോടെ കാണാൻ 
അവളെ ശീലിപ്പിക്കാഞ്ഞിട്ടല്ലേ ?

അറുപതു കഴിഞ്ഞിരുന്നു   
ആ അമ്മയ്ക്ക് ..
-വീട്ടിലാരുമില്ലാതിരുന്ന സമയം 
ഭർത്താവിനെ അന്വേഷിച്ചു വന്ന 
മകനോളം പ്രായമുള്ള 
പരിചയക്കാരൻ ചെറുപ്പക്കാരനെ 
എന്തുകൊണ്ട് ഉമ്മറത്ത് നിർത്തിയില്ല ?

പക്ഷേ ...പക്ഷേ ..
 ഭൂമിയിൽ ,കേവലം
എട്ടു മാസം  മാത്രമെത്തിയ
ഒരു  പെൺപൈതൽ   !
പിഞ്ചു കാലിടുക്കുകൾക്കിടയിലെ
ചോരയിറ്റുന്ന മുറിവുകൾ
മണിക്കൂറുകൾ നീണ്ട
ശസ്ത്രക്രിയയിൽ തുന്നിക്കെട്ടി
ഏതോ ഇന്റെൻസീവ് കെയർ യൂണിറ്റിൽ
മരണത്തോട് മല്ലിടുന്നു ..അതോ !

അപ്പോൾ പ്രശ്നം
പെണ്ണിന്റെ നടപ്പോ ഉടുപ്പോ
കൊഴുപ്പോ കഴപ്പോ  ഒന്നും അല്ല
പ്രശ്നം മനസ്സിനാണ്
രോഗം മൂർച്ഛിച്ചു
വ്രണം പിടിച്ചു വികൃതമായ 
ചില ആണത്തങ്ങളുടെ
വൈകല്യമനസിനു .

ഒരു തൂക്കു കയറിലെ
നിമിഷ മരണം ഇവർക്ക് വേണ്ട
ഇനി ബാക്കിയായ
മനുഷ്യായുസ്സു മുഴുവൻ
ഇവർ പുഴുത്തരിക്കണം
കാമം കൊണ്ടന്ധരായവർക്കു
കാഴ്ചയെന്തിന് ..
കണ്ണുകൾ പിഴുതെറിയണം
പകൽ മുഴുവൻ
കഴുകന്മാർ
കൊത്തിവലിക്കുന്ന ഉടൽ
അന്തിമയങ്ങുമ്പോൾ
പൂർവ്വസ്ഥിതിയിലാക്കണം
പിറ്റേന്ന് വീണ്ടും
കഴുകന്മാർക്കു കൊത്തിവലിച്ചു കീറുവാൻ..
അങ്ങനെ ഓരോ ദിവസവും
അവർ ഇഞ്ചിഞ്ചായി മരിക്കട്ടെ ..


-രാധിക ഭദ്രൻ





Sunday, November 5, 2017

സ്വപ്നാടനം


സ്വപ്നാടനം !
നിങ്ങളാരെങ്കിലും പതിവായി കാണുന്ന ഒരു സ്വപ്നം ഉണ്ടോ ?!
വ്യക്തികൾ,സ്ഥലങ്ങൾ,സാഹചര്യങ്ങൾ ,സംഭവങ്ങൾ ..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു സ്വപ്നം ?
-----------------------------------------

കഴിഞ്ഞ ഒരു പത്തു പതിനഞ്ചു വർഷങ്ങളായി പലപ്പോഴും എൻ്റെ സ്വപ്നങ്ങളിൽ ആവർത്തിക്കാറുള്ള കാഴ്ച ആണ് ഒരു ആറ് നീന്തിക്കടക്കാൻ ശ്രമിക്കുന്നു  എന്നത് . ഏതെങ്കിലും ഒരു ആറോ പുഴയോ അല്ല . എപ്പോളും കാണുന്നത് ഒരേ കടവ് ഒരേ ആറ് ..പക്ഷെ പല വിധത്തിൽ ,പല സമയങ്ങളിൽ , കൂടെ  നീന്താൻ പല മുഖങ്ങൾ ,ചിലപ്പോൾ മറുകരയെത്തും ..ചിലപ്പോൾ പാതി നീന്തി തളരും  ..പക്ഷെ ഒരിക്കലും മുങ്ങി താണിരുന്നില്ല  .. ഈ സ്വപ്നങ്ങൾക്കു  ഒരു പ്രത്യേകത ഉണ്ടെന്നു  ഞാൻ മനസ്സിലാക്കിയിരുന്നില്ല  ആദ്യമൊക്കെ . കാരണം ഈ സ്വപ്നങ്ങൾ അടുത്തടുത്ത് ആവർത്തിക്കപ്പെട്ടിരുന്നില്ല . ചിലപ്പോൾ ഒന്നോ രണ്ടോ വർഷം കഴിയുമ്പോളായിരിക്കും ആ സ്വപ്നം വീണ്ടും വരിക . കുറച്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ആ സത്യം മനസിലാക്കി .എന്നെ ഇത്രമേൽ സ്വാധീനിക്കാൻ ആ ആറും ഞാനുമായി എന്താണ് ബന്ധം ?..അത് ഒന്നല്ല എൻ്റെ ജീവിതത്തിൻറെ  വ്യത്യസ്ത കാലഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത്  കുറെ വൈകിയാണ് ഞാൻ കണക്ട് ചെയ്‌തത്‌ . അത് മനസിലാക്കാൻ കാലത്തെ കുറച്ചു പിന്നോട്ട് തിരിക്കാം .

1 .അരുവിയുടെ കരയിൽ മനോഹരമായി സ്ഥിതി ചെയുന്ന ഒരു കൊച്ചു ഗ്രാമം അതാണ് 'അരുവിക്കര'- ഞാൻ ജനിച്ചു വളർന്ന എൻ്റെ നാട് . കരമന ആറ്  ഹൃദയത്തിലൂടെ ഒഴുകുന്ന,നഗരത്തിന്റെ  തിരക്കുകളും ഒച്ചപ്പാടുകളും ഇല്ലാത്ത ഒരു ചെറിയ ഇടം . എൻ്റെ വീടിരിക്കുന്ന സ്ഥലം കരമന ആറിന്റെ തീരത്തായിരുന്നു . ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു ഞങ്ങളുടേത്. കുറെയേറെ പറമ്പ് ഉണ്ടായിരുന്നു എല്ലാർക്കും കൂടി. ഒരേ വീട്ടിൽ അല്ലെങ്കിൽ പോലും , ചുറ്റും വേലിക്കെട്ടുകൾ ഇല്ലാതെ അടുത്ത ടുത്ത  വീടുകളിൽ ഒരേ കുടുംബം പോലെ താമസിച്ചിരുന്നു ഞങ്ങൾ കുടുംബക്കാർ. വല്യച്ചന്റെയും ചെറിയച്ഛന്റെയും ഒക്കെ വീടുകൾ അടുത്തടുത്തും ചിലത് ആറിനക്കരെയും ഉണ്ടായിരുന്നു . സൗകര്യാർത്ഥം അവരവരുടെ വീടിനോടു ചേർന്ന് എല്ലാർക്കും കുളിക്കടവുകളും  ഉണ്ടായിരുന്നു .

 കുട്ടിക്കാലത്തു താമസിച്ചിരുന്നത് തറവാടിനോടു ചേർന്ന് 'തെക്കത് ' എന്ന് വിളിച്ചിരുന്ന ഓല മേഞ്ഞ വീട്ടിലായിരുന്നു . പഴയ വീടായതിനാൽ തെക്കതിൽ വീട്ടിനുള്ളിൽ  ഒരു കുളിമുറി ഉണ്ടായിരുന്നില്ല . അതുകൊണ്ടു എന്നും ആറ്റിലാണ് കുളി .ഭൂമിയുടെ കിടപ്പുകൊണ്ട് ഭൂ നിരപ്പിൽ നിന്നും ഒരുപാട് താഴെയായിരുന്നു ആറ് .  പുത്തൻകടവ് ,അതായിരുന്നു ഞങ്ങളുടെ കടവിന്റെ പേര്. മറ്റു കടവുകളെ പോലെ ആറ്റിലേക്കിറങ്ങാൻ കെട്ടി ഇറക്കിയ  കല്പടവുകളോ  വീതി കൂടിയ പടികെട്ടുകളോ ഉണ്ടായിരുന്നില്ല . ഒരേ ഒരു കൽ വീതിയിൽ പുത്തൻകടവിലേക്കു കുത്തനെ ഇറക്കമാണ്. ഒരു പത്തു പന്ത്രണ്ടു പടികൾ ഉണ്ടായിരിക്കണം .ഒരു കുഴിയിലേക്ക് ഇറങ്ങുന്നപോലെ തോന്നും . രണ്ടുവശവും മൺ തിട്ടകൾ ആണ് . കുളിക്കാൻ ആറ്റിലേക്ക് ഇറങ്ങാനും നനച്ച വസ്ത്രങ്ങളും മറ്റും എടുത്തു തിരികെ കയറാനും ക്ലേശകരമായിരുന്നു.  മഴക്കാലമായാൽ ആറ്റിലിറങ്ങി കയറുന്നതു  ഒരു സാഹസം ആയിരുന്നു ,പല  പടിയിലും കൂട്ടിനുണ്ടാകും ആയിരം കാലിൽ മന്ദം മന്ദം ഇഴഞ്ഞു നീങ്ങുന്ന എണ്ണ കറുപ്പന്മാർ ..തേരട്ടകൾ ! പെരുമാളൻ അട്ട എന്നും പറയും . 'പാഹിമോഹിനീസുതൻ' എന്നാണ് എൻ്റെ അമ്മ അവറ്റകളെ കളിയാക്കി വിളിക്കാറ് . നീളം കൊണ്ട് സാമ്യം ഉള്ളതുകൊണ്ടാകണം!
പുത്തൻകടവിലിറങ്ങി നിന്നാൽ കാണാം കുറച്ചു മാറി 'താഴെ കടവി'ൽ വല്യമ്മ തുണി നനയ്ക്കുന്നത് ..അക്കര കടവിൽ 'ചെറിയമ്മ യും കാണും .  പുത്തൻകടവിൽ ആറ്റിൽ  അടിയിൽ പലയിടത്തും ഒരുപാട് പാറക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ നീന്തി മറുകര എത്തുക പ്രയാസമായിരുന്നു . പാറക്കൂട്ടങ്ങളിൽ തട്ടി കാല് പോറുന്നതും പതിവായിരുന്നു . മുകളിൽ തെളിഞ്ഞു കണ്ടില്ലെങ്കിലും  പരിചയം കൊണ്ട് പാറകളുടെ കിടപ്പു ഞങ്ങൾക്കു അറിയാമായിരുന്നു .എന്നാലും ആ പുത്തൻ കടവിൽ കിടന്നു കയ്യും കാലും ഇട്ടടിച്ചാണ് ഞാനും ചേച്ചിമാരും  ഒക്കെ  നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത് . ഞങ്ങളുടെ സ്വന്തം പുത്തൻ കടവ് . തുലാവർഷവും ഇടവപ്പാതിയും പെയ്തു തകർക്കുമ്പോൾ വഴുക്കൽ കൊണ്ട് പുത്തൻകടവിലേക്കിറങ്ങുക അസാധ്യം ആയതിനാൽ ഞങ്ങൾ താഴെ കടവിലേക്ക് പോകും ആ സമയങ്ങളിൽ .

താഴെ കടവിനും കുറച്ചു പടിഞ്ഞാർ ആയാണ് കോവിൽ കടവ് . അതും ഒരു ഇറക്കത്തിൽ ആണ് . അമ്പലം ചുറ്റി വരുന്ന മെയിൻ റോഡ് കോവിൽ കടവിലെത്തി നില്കും . ആറിനക്കരയ്ക്കു പാലം ഇല്ല . കടത്താണ് .  സ്കൂൾ സമയങ്ങളിൽ പച്ച പാവടക്കാരികളെ കൊണ്ടു നിറയും തോണി . ഓർക്കുമ്പോൾ മനസ്സിൽ എന്നും മധുരം നിറയ്ക്കുന്ന കടത്തു വള്ളം. വള്ളക്കാരൻ ചേട്ടൻ ഒരു ഹീറോ ആയിരുന്നു. പത്തിരുപതു ആൾക്കാരെ ഒരുമിച്ചു ഒരു വലിയ വള്ളത്തിൽ കയറ്റുന്ന , വള്ളത്തിന്റെ വക്കിലൂടെ അടി തെറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന , ചിലപ്പോ ഒറ്റ കൈകൊണ്ടും വള്ളമൂന്നി മറുകര എത്തിക്കുന്ന ഹീറോ  .
ആറ്റിനക്കരെ ആയിരുന്നു മറ്റൊരു വല്യച്ഛന്റെ വീട്. അതുകൊണ്ടു  ഞങ്ങൾ കടത്തു കടക്കുന്നത് പതിവായിരുന്നു . ധനുമാസത്തിൽ തിരുവാതിര കൂടാനും പോയിരുന്നു അവിടെ . അതിരാവിലെ എഴുനേറ്റു പെണ്ണുങ്ങളെല്ലാം ഏതെങ്കിലും ഒരു കടവിൽ ഒത്തുകൂടി തുടിച്ചു കുളിക്കും . രാത്രിയിൽ തിരുവാതിര കൂടാൻ കടത്തു കടന്നു അക്കരെ മഠത്തിലേക്ക്..തിരുവാതിര കളികളും കഴിഞ്ഞു പാതിരാപ്പൂവും ചൂടി കഴിയുമ്പോൾ നേരം വെളുത്തിരിക്കില്ല .  അതിരാവിലെ നാലു മണിക്ക് കോവിൽ കടവിലെത്തും .വള്ളക്കാരൻ മറു വശത്തായിരിക്കും. നീട്ടി ഒരു വിളിയാണ് കൂയ് എന്ന്. ആതിരക്കുളിരിൽ തണുത്തു വിറങ്ങലിച്ചു തിരിച്ചും ഒരു തോണിയാത്ര .
വർഷങ്ങൾ കഴിഞ്ഞപ്പോൾ കോവിൽ കടവിൽ പുതിയ പാലം വന്നു. കടത്തു നിർത്തലായി ..വള്ളവും വള്ളക്കാരനും ഓർമ്മകളിൽ മാത്രം കടത്തു നടത്തി. ഓല വീടുകൾ മാറി അറ്റാച്ചഡ് ബാത്ത് റൂമുള്ള വീടുകൾ വന്നു . പുത്തൻകടവും കോവിൽകടവുമെല്ലാം ആളുകളെ കാത്തിരുന്ന് ജീർണിച് അനാഥമായി .

പക്ഷെ  ജീവിതത്തിലെ ഏറ്റവും മനോഹരമായ കുട്ടികാലത്തെ നിറം മങ്ങാത്ത ഓർമയായി ആത്മാവിൽ എന്നും കൂടെയുണ്ട് ഒരിക്കലും തിരികെവരാത്ത  ആ ആറും കടത്തു യാത്രകളും  കോവിൽ കടവും എല്ലാം . "ആറ് എന്നിൽ ഉറഞ്ഞു ചേർന്നിരുന്നു ,ഞാൻ തന്നെ ആയിരുന്നു" .

2 .കുട്ടിക്കാലത്തു ആറുവയസുവരെയെ എനിക്ക് ജനിച്ച നാട്ടിൽ നിൽക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. അതിനുശേഷം ദൂരെ വല്യമ്മയുടെ വീട്ടിൽ നിന്നായിരുന്നു പഠിത്തം. വർഷത്തിലൊരിക്കൽ വേനലവധിയ്ക്കു മാത്രമാണ് എൻ്റെ വീട്ടിൽ ,അരുവിക്കരയിൽ വന്നു പോയിരുന്നത്. ഓരോ വേനലവധി കഴിഞ്ഞു തിരിച്ചു പോകേണ്ടി വരുമ്പോളും ഹൃദയം പറിച്ചെടുക്കുന്ന വേദന..ഇഷ്ടപെട്ട നാട് വീട് തൊടി അച്ഛൻ അമ്മ ചേച്ചി അനിയത്തി ഇവരെയൊക്കെ വിട്ടു പോകാനുള്ള സങ്കടം.. പുറത്തു പറയാൻ പറ്റാത്ത ഒരു വിങ്ങലായി നെഞ്ചിലിരുന്നു പുകഞ്ഞു ഞാൻ മരിച്ചു ഓരോ വർഷവും . അടുത്ത വേനലവധിക്ക് പിന്നെയും വരും ..കുറച്ചു ദിവസങ്ങൾ ജീവിച്ചു പിന്നെയും മരിക്കാൻ . സങ്കടം ആരോടും പറയാൻ പറ്റിയില്ല   ,പറഞ്ഞാലും മനസിലാക്കപ്പെടില്ല എന്ന തോന്നൽ . എങ്കിലും വല്യമ്മയുടെ വീട്ടിൽ വളർന്ന കാലങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. സ്നേഹിക്കാൻ ഒരമ്മയ്ക്കു  പകരം രണ്ടമ്മമാർ . ഒരു ചേച്ചിയല്ല രണ്ടു ചേച്ചിമാർ . ഓർക്കാൻ ഒരു നാടല്ല ,രണ്ടു നാടുകളും നാട്ടാരും .ആ  സ്നേഹങ്ങളൊക്കെയും പിന്നെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരുന്നു . എൻ്റെ വ്യക്തിത്വം ..എന്നെ ഞാൻ ആക്കിയത് അവിടുത്തെ ജീവിതമായിരുന്നു. എൻ്റെ സ്വന്തം വീട്ടിൽ വളർന്നിരുന്നെങ്കിൽ ഞാൻ ഇത്ര ബോൾഡ് ആകുമായിരുന്നോ, പ്രതിബന്ധങ്ങൾ നേരിടാനുള്ള ചങ്കൂറ്റം എന്നിലുണ്ടാവുമായിരുന്നോ എന്ന് സംശയമാണ് . എങ്കിലും 'എന്തിനായി , എങ്ങനെ ' എന്നീ ചോദ്യങ്ങൾ ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമായി അവശേഷിക്കുന്നു . കുഞ്ഞു മനസ്സിനേറ്റ മുറിവുകൾ എപ്പോളും വിടാതെ പിന്തുടർന്നിരുന്നു. മറ്റാർക്കും  മനസിലിക്കാൻ പറ്റാത്ത കുഞ്ഞു നോവുകൾ . ഒരു  കടൽ കടക്കുമ്പോൾ  പടവെട്ടി മുന്നേറാൻ മറ്റൊരു സങ്കടകടൽ പിന്നെയും മുന്നിൽ .
"ഞാൻ മാത്രമറിയുന്ന എൻ്റെ മനസ്സിൻറെ സംഘർഷങ്ങൾ,നഷ്ടങ്ങൾ "

3 . ഒരു തരത്തിൽ ഇതെൻറെ രണ്ടാം ജന്മമാണ് . മരിച്ചു ജീവിച്ചവൾ അല്ലെങ്കിൽ മരിക്കേണ്ടിയിരുന്നവൾ . കുട്ടിക്കാലത്തു ചില അവധി കാലങ്ങളിൽ  അമ്മാത്ത് ('അമ്മ ജനിച്ചു വളർന്ന വീട് ) പോകുമായിരുന്നു. അവിടെ അമ്പലകുളമുണ്ട് .അവിടെയാണ് കുളി . ഇളം  പച്ചനിറത്തിൽ  അടി കാണാനാവാത്ത ആഴമുള്ള കുളം . എനിക്ക് നാലോ അഞ്ചോ വയസു പ്രായം വരും . അച്ഛന്റെ കൂടെയാണ് അന്ന് കുളിക്കാൻ പോയത് . അച്ഛൻ തുണി തിരുമ്മി കൊണ്ട് നിൽകുമ്പോൾ ഞാൻ മൂന്നു   പടിക്കെട്ടുകൾ ഇറങ്ങി അരയ്‌ക്കൊപ്പം വെള്ളത്തിൽ കളിച്ചു കൊണ്ടിരുന്നു. ബാല്യത്തിന്റെ വികൃതി  ..അടുത്ത പടിയിൽ നിന്നാൽ എത്ര വെള്ളം ഉണ്ടെന്നു അറിയാനുള്ള ആകാംഷ . അച്ഛനോട് പറയാതെ അടുത്ത പടിയിൽ കാൽവച്ചതും വഴുകി പോയി. പിന്നെ ആഴങ്ങളിലേക്കൊരു കൂപ്പുകുത്തൽ ആയിരുന്നു. ചുറ്റിനും  ഇളംപച്ച നിറം മാത്രം. ശ്വാസകോശങ്ങൾ വലിഞ്ഞു പൊട്ടുന്നതുപോലെ . പെട്ടന്നു കൈകളിൽ ഒരു പിടുത്തം വീണു ..അച്ഛന്റെ കൈകളിൽ ഉയർന്നു പൊങ്ങി മേലെ എത്തിയെങ്കിലും പിന്നെ എന്ത് നടന്നു എന്ന് ഓർമ്മയില്ല .' അന്ന് തീരുമാനിച്ചതാണ് നിന്നെ നീന്തൽ പഠിപ്പിക്കണമെന്നു' എന്ന് അച്ഛൻ പിന്നെ പറഞ്ഞു കേട്ടിരിക്കുന്നു . പിറ്റേന്ന് മുതൽ രണ്ടു കൊട്ട തേങ്ങകൾ കയറുവച്ചു കെട്ടിയ അന്നത്തെ ഫ്‌ളോട്ടറിൽ നീന്താൻ അച്ഛൻ പഠിപ്പിച്ചു തുടങ്ങി . അല്ലാ ..
"കഷ്ടകാല കയങ്ങളിൽ മുങ്ങി താഴാതിരിക്കാൻ ഞാൻ പഠിച്ചു തുടങ്ങി "

മറക്കണം എന്ന് കരുതുമ്പോളും വിട്ടുപോകാൻ കൂട്ടാക്കാത്ത ചില വ്യക്തികൾ, സംഭവങ്ങൾ,ചില പരീക്ഷണ ഘട്ടങ്ങൾ   ജീവിതത്തിൽ ഉണ്ടാകുമ്പോൾ ആണ് ഞാനീ സ്വപ്നാടനം നടത്തുന്നത് !
കോവിൽക്കടവിൽ കൂടി അക്കരെ എത്താൻ ഞാൻ നീന്തുന്നു ..ഒരിക്കലോ മറ്റോ ഞാൻ അക്കരെ എത്തിയിട്ടുണ്ട് ..ചിലപ്പോൾ ഞാൻ തോണിയിൽ പിടിച്ചു കയറി ..ചിലപ്പോൾ പുറകോട്ടു നീന്തി ..മറ്റു ചിലപ്പോൾ അടിയിലെ മണൽപ്പരപ്പിൽ കാലുകളൂന്നി നിന്നു ...ചിലപ്പോൾ തുടിച്ചു കുളിച്ചു..

ഞാൻ , ഞാൻ മാത്രമറിയുന്ന വീർപ്പുമുട്ടലുകളുടെ സങ്കടകയങ്ങളിൽ നില തെറ്റി വീഴുമ്പോൾ  ആണ് ഈ സ്വപ്‌നങ്ങൾ എനിക്ക് കൂട്ടായെത്തുന്നത്. അവ എനിക്കൊരു സന്ദേശമെഴുതും .. ഈ വിഷമ ഘട്ടങ്ങൾ നീന്തി കയറാനുള്ളവയാണെന്നും  അതു താണ്ടുവാൻ എനിക്കു  കഴിയുമെന്നും !

-R .
11/04 / 2017

Tuesday, October 3, 2017

'ആരാച്ചാർ' വായിച്ചു കൊണ്ടിരിക്കുന്നു..brilliance ..exceptional narration ..എത്ര ആധികാരികതയോടു കൂടിയാണ് ഓരോ വരികളും എഴുതിയിരിക്കുന്നതു. തീർത്തും വ്യത്യസ്തമായ ഒരു ലോകത്ത് , മറ്റൊരു കാലഘട്ടത്തിലേക്ക് ടൈം ട്രാവൽ നടത്തുന്നപോലെ . വീട്ടുകാര്യങ്ങൾ നോക്കുന്നതിനിടയിൽ വീണുകിട്ടുന്ന അൽപ സമയങ്ങളിൽ ആണ് വായന ,അതിനാൽ വായന വളരെ പതിയെ മുന്നോട്ടു പോകുന്നു. ഹെവി സ്റ്റഫ് ആണ്.
പക്ഷെ മീരയുടെ കഥകളിലെ സ്ത്രീകൾ എപ്പോളും എന്നെ അസ്വസ്ഥ ആക്കുന്നുണ്ട് . മീരയുടെ നോവെല്ലകൾ എന്ന ചെറുകഥ സമാഹാരം - പാതി വായിച്ചപ്പോൾ ഡിപ്രെഷൻ അടിച്ചുപോയി . പ്രത്യേകിച്ചും "ആ മരത്തെയും മറന്നു മറന്നു
ഞാൻ "- നായികയുടെ പേര് രാധിക എന്നായത് കൊണ്ടാണോ എന്നറിയില്ല അവൾ എത്തപ്പെട്ട അവസ്ഥയോർത്തു രണ്ടു ദിവസം എനിക്കുറങ്ങാൻ കഴിഞ്ഞില്ല . പിന്നെ മീരാസാധു , ഒടുക്കം ഒരു ഞെട്ടൽ ആയിരുന്നു ..
ആരാച്ചാർ ഇതുവരെ വായിച്ചതിൽ ചേതന യും പലപ്പോഴും ഈ ജനുസ്സിലേക്കു വീഴുന്നപോലെ ഒരു ഭയം .. but a compelling story ,താഴെ വയ്ക്കാനും തോന്നുന്നില്ല . വായിച്ചു തീർക്കും (വായിച്ചവർ suspense പൊളിക്കണ്ടാട്ടൊ ...)
her portrayal of woman is tragic ,deep & depressing at times .
സ്ത്രീകളെ നിസ്സഹായതയുടെ കൊടുംകയങ്ങളിലെറിഞ്ഞുകളയും അവർ. ആ കയങ്ങളിൽ നില തെറ്റി ,പ്രതികരിക്കാനാകാതെ , വരിഞ്ഞു മുറുക്കപ്പെടുന്ന സ്ത്രീകളുടെ ഒരവസ്ഥ വായനക്കാരനുമുണ്ടാകും .

-R 

Tuesday, September 26, 2017

പെണ്ണൊരുമ്പെട്ടാൽ ...

വഴിയേ നടക്കുമ്പോൾ ആണൊരുത്തൻ കേറിപിടിക്കാൻ ശ്രമിച്ചാൽ , അസഭ്യം പറഞ്ഞാൽ മുന്നും പിന്നും നോൽക്കാതെ അവനെ നന്നായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നവൾ  ആണ് ഞാൻ .  സിനിമ തിയേറ്ററിൽ ഞാൻ ഗന്ധർവ്വൻ കണ്ടു കൊണ്ടിരിക്കുമ്പോൾ , സ്‌ക്രീനിൽ ഗന്ധർവ പ്രേമം പുക പോലെ അങ്ങനെ പരന്നൊഴുകുമ്പോൾ ,അടുത്ത സീറ്റിൽ നിന്നും  ഇരുട്ടത്ത് എന്റെ കാലിലേക്ക് നീണ്ടു വന്ന ഗന്ധർവ്വന്റെ വിരലുകളിൽ സേഫ്റ്റി പിൻ വച്ചു ഊക്കിലൊരു കുത്തു കൊടുക്കുമ്പോൾ എനിക്ക് പ്രായം  പത്തു തികഞ്ഞിട്ടില്ല .  അടുത്തിരുന്ന ഗന്ധർവ്വൻ അപ്പോത്തന്നെ ജീവനും കൊണ്ടോടി . എട്ടിൽ പഠിക്കുമ്പോളാകണം..  ഊടുവഴി നടക്കുമ്പോൾ പുറകീന്നു വന്നു ചൂളമടിച്ചവൻറെ  അമ്മയ്ക്ക് വിളിച്ച കലിപ്പ് ഇപ്പോളും കത്തും ..പെണ്ണിൻ്റെ നേരെയുള്ള അനീതി കാണുമ്പോൾ. കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ യുവനടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുതത്തു  ആരായാലും , ജന അപ്രിയൻ അയാൽ  കൂടി അവനു കിട്ടേണ്ടത് മുതലും പലിശയും ചേർത്ത് കിട്ടണം എന്ന് ആഗ്രഹിക്കുന്നവൾ ആണ് ഞാൻ.  പക്ഷെ പെണ്ണൊരുമ്പെട്ടാലോ  ..എന്ന് പറഞ്ഞപോലെ  , ഇതേ കൊച്ചിയിൽ നടുറോഡിൽ ചവിട്ടി കൂട്ടപ്പെട്ട യൂബർ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ  വകുപ്പുകൾ പ്രകാരം കേസ് .അടിചു ഫിറ്റായി ഡ്രൈവറെ പഞ്ഞിക്കിട്ട മഹതികൾക്കു ജാമ്യം ! പൊതു നിരത്തിൽ കരിങ്കല്ല് കൊണ്ടുള്ള മർദ്ദനവും ചവിട്ടിക്കൂട്ടും എന്തിനു സ്വന്തം അടിവസ്ത്രം വരെയും  ചീന്തിയെറിയപെട്ട ആ യുവാവും സത്യത്തിൽ മാനഭംഗപ്പെടുകയല്ലേ ചെയ്‌തതു ?  മകൻ മർദിക്കപ്പെടുന്നത് കണ്ടു ബോധരഹിതയായ ഒരമ്മയുടെയും , അച്ഛൻ വിവസ്ത്രനാക്കപ്പെട്ടു പൊതുവഴിയിൽ കിടക്കേണ്ടി വന്ന  നാണക്കേടുകൊണ്ടു സ്കൂളിൽ പോകാൻ കഴിയാത്ത ഒരു മകൻെറ യും അവസ്ഥ കഷ്ടമല്ലേ ..ഭൂമിയിൽ പെണ്ണുങ്ങളെ ഉപഭോഗവസ്തുവായി കാണുന്നവരും അവരെ ഉപദ്രവിയ്ക്കാൻ വേണ്ടി മാത്രം പിറവിയെടുത്തതും ആയ പുരുഷ അവതാരങ്ങൾ ഏറെയുണ്ട്. പക്ഷെ ആ ജാതിയിലും നല്ലവരുണ്ട് എന്ന് കൂടി ഞാൻ വിശ്വസിക്കുന്നു .
 ഷെയേർഡ് സർവീസ് ഉപയോഗിച്ച  വണ്ടിയിൽ നേരത്തെ ഉണ്ടായിരുന്ന സഹയാത്രകാരനെ  ഇവളുമാർക്കു വേണ്ടി ഇറക്കി വിടാത്തത് അയാളുടെ വർക്ക് എത്തിക്സ് ൻറെ ഭാഗമല്ലേ..

അയാളും  അർഹിക്കുന്നില്ലേ നീതി  ??

-R .
09/ 26 / 2017






Thursday, September 21, 2017

കട്ടൻ കാപ്പി !

ഇന്ന് വയർ അകെ കുളമായ ഒരു ദിവസമായിരുന്നു . .വൈകുന്നേരം മുതൽ ഒരു വല്ലായ്മ.  കാരണം സ്വയം കൃതാനർത്ഥം തന്നെ.കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു അവകാഡോ സ്മൂത്തി കുടിക്കണം എന്നുള്ളത്. അങ്ങനെ നോക്കി നോക്കി ഇരുന്ന് ഇന്നാണ് അതൊന്നു പരീക്ഷിച്ചത്. അവകാഡോയും ആപ്പിളും വഴിയേ പോയ വെളളരിക്കയും ഒകെ കൂട്ടി അടിച്ചു സ്മൂത്തി റെഡി ആകുമ്പോൾ ഒരുപാട് പ്രതീക്ഷിച്ചതാ ..ആദ്യത്തെ സ്പൂൺ വായിൽ വെച്ചപ്പൊ തന്നെ ആ അഹങ്കാരം പോയിക്കിട്ടി. പിന്നെ കാശ് കൊടുത്തു വാങ്ങിയ സാധനം അല്ലേ ,കളയണ്ട എന്ന് വിചാരിച്ചു കഷ്ടപ്പെട്ട് പാതി കുടിച്ചു  . ആരോഗ്യം വന്നില്ലെന്ന് മാത്രമല്ല ഉള്ളതിന്റെ കാര്യം പരുങ്ങലിൽ ആകുകേം ചെയ്‌തു.  രാത്രി ആയപോളെക്കും വിശന്നു പണ്ടാരമടങ്ങി .അമ്മേടെ വയറ്റിലെന്താ ഓട്ടോറിക്ഷ ഓടുവാണോ എന്ന് പറഞ്ഞു മടിയിൽ കിടന്ന കൊച്ചു പേടിച്ചു നേരെ ബെഡ്‌റൂമിൽ പോയികിടന്നു . കഴിച്ചാൽ  ഓട്ടോറിക്ഷ അല്ല ,തീവണ്ടി ഓടും എന്ന് പേടിച്ചിട്ടു  എന്തെങ്കിലും കഴിക്കാനും മടി . അങ്ങനെ ശോക മൂകമായി ഇരികുമ്പോളാണ്  വെളിപാടുണ്ടായത്. ഛെ ,എനിക്കെന്തേ ഈ ബുദ്ധി നേരത്തെ പോയില്ല എന്നും മൊഴിഞ്ഞു നേരെ അടുക്കളയിലേക്കു ഓടി. വയറു വയ്യാത്തപ്പോളും പനിച്ചു മേലനങ്ങാൻ വയ്യാതെ ഇരിക്കുമ്പോളും വായ്ക്ക് രുചി ആയി കഴിക്കാൻ എന്തേലും ഉണ്ടെങ്കിൽ അത് കട്ടൻ കാപ്പി മാത്രമാണ്. കട്ടൻ കാപ്പി കണ്ടു പിടിച്ചവരെ മനസ്സാ നമിച്ചു ,മിനിട്ടുകൾക്കുള്ളിൽ ഉള്ളതിൽ വലിയ ഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ കാപ്പി റെഡി . കൂട്ടത്തിൽ ഇങ്ങനെ മുക്കി മുക്കി ഊതി തിന്നാൻ കുറച്ചു ബണ്ണും.  ഹോ!  കണ്ണ് നിറഞ്ഞുപോയി . എന്തായാലും സംഗതി ക്ലിക്ക് ആയി. ഓട്ടോറിക്ഷ ഓട്ടം നിർത്തി.

അങ്ങനെ കട്ടൻ കാപ്പിയും മൊത്തി ഇരിക്കുമ്പോളാണ്  രസകരമായ രണ്ടോർമ്മകൾ ഫ്‌ളൈറ്റ് പിടിച്ചു വന്നത്. ഇതിനു മുന്നേ ഇത്രേം ആർത്തി പിടിച്ചു കട്ടൻ കാപ്പി കുടിച്ചത് ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാൽ എൻ്റെ ആദ്യത്തെ കുഞ്ഞിനെ ആദ്യമായി കൈയിൽ ഏന്തിയ  ദിവസം. ഫ്ലാഷ്ബാക്ക് ടു പ്രസവ വാർഡ്...
രാവിലെ അഞ്ചു മണിക്ക് ഉണർത്തി , ആഹാരം കഴിച്ചോളാൻ നേഴ്സ് മാലാഖ  പറഞ്ഞപ്പോ , ഈ സ്നേഹം കൊണ്ടെന്നെ വീർപ്പു മുട്ടിക്കല്ലേ എന്ന് പറയാൻ വാ തുറന്നതാ..പിന്നെ കേട്ട  വെള്ളിടി   "ഇനി കഴിക്കാനൊന്നും ചോതിക്കല്ലെ അപ്പീ , പ്രസവം കഴിഞ്ഞാലേ ഇനി എന്തെരെങ്കിലും കഴിക്കാൻ പറ്റൂ.." തുറന്ന വായ്  അതേ സ്പീഡിൽ അടച്ചു ..വരാനിരിക്കുന്നതോർത്തു തൊണ്ടയിൽ നിന്ന് ഒരിറ്റു താഴോട്ടും ഇറങ്ങുന്നില്ല. പത്തുകൊല്ലം മുന്നത്തെ നാട്ടിലെ പ്രസവ വാർഡ് അത്ര പുരോഗമിച്ചിട്ടില്ലാത്തതു കൊണ്ടും ,പ്രസവിക്കുന്നതും വേദന തിന്നുന്നതും പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തം ആയതുകൊണ്ടും ഭർത്താവിനെ വാർഡിന്റെ  ഏഴയലത്തു അടുക്കാൻ സമ്മതിക്കില്ല.വേണമെങ്കിൽ വാലിൽ തീ പിടിച്ച പോലെ വാർഡിനു മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം ,ഓടാം, കാത്തു നിന്ന്  മടുക്കുമ്പോൾ ആസ്പത്രി റോഡിനെതിരെ യുള്ള ഹോട്ടലിൽ കേറി ബോണ്ടയും പരിപ്പുവടയും തിന്നാം ..അങ്ങനെ  എത്ര ഓപ്ഷനുകൾ . വാർഡിൽ ആണെങ്കിലോ ,നിരയായി കട്ടിലുകൾ .വെറുതെ കിടന്നു അങ്ങ് വേദനിച്ചാൽ മാത്രം  മതി . 
'എനിക്ക് ഓപ്പറേഷൻ വേണ്ടേ ,എനിമ മതി.' എന്ന മട്ടിൽ എന്റെ ഇടതു വശത്തുകിടന്ന പെണ്ണ് കരഞ്ഞു തുടങ്ങി. ഇനി കരഞ്ഞില്ലെങ്കിൽ നഴ്സുമാർ എന്ത് വിചാരിക്കും എന്ന് കരുതി കരയണോ വേണ്ടായോ എന്ന് മനസ്സിൽ ടോസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മാലാഖയുടെ  സ്നേഹ വർഷം "ഒന്ന് അടങ്ങി കെടക്ക് കൊച്ചെ ..". മിണ്ടാതിരിക്കുന്നത് മാനം . എനിക്ക് നല്ല വേദനയെടുക്കുന്നു സിസ്റ്ററെ എന്ന് പതിയെ പറഞ്ഞൊപ്പിച്ചപ്പോൾ നഴ്സിന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരി.."കൊള്ളാല്ലോ ..നന്നായി എടുക്കട്ടെ എന്നു" ! മകൾക് പ്രസവ വേദന, അമ്മയ്ക്ക് വീണ വായന എന്ന് മനസ്സിൽ പ്രാകാൻ   തുടങ്ങുമ്പോളാണ് ആ മാലാഖ കൂട്ടിച്ചേർത്തത് , "നല്ല വേദന വന്നാലേ സുഖ പ്രസവം ആകൂ".  അങ്ങനെ ചീത്ത വിളിക്കാനുള്ള ആ  ചാൻസും പോയി. മാലാഖ പിന്നെയും മൊഴിഞ്ഞു "മോളായിരിക്കും "   ..ന്ഹാ ഇങ്ങനെ എത്ര എത്ര നിറവയറുകൾ കണ്ടു തഴമ്പിച്ച കണ്ണുകൾ . പലരും ഉരുളി കമഴ്ത്തിയതും ഉണ്ണിയപ്പം നേദിച്ചതും വെറുതെ ആയല്ലോ എന്നോർത്ത് ആ വേദനയിലും ചിരി പൊട്ടി. വേദനയെക്കാൾ ഏറെ തോന്നിയത് ഒറ്റപെടലാണ്..ഈർപ്പം പിടിച്ച ആ വലിയ മുറിയിൽ തനിയെ..  തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. ഒരല്പം വെള്ളം ചോദിച്ചിട്ടു ഒരു മാലാഖയും തിരിഞ്ഞു നോക്കുന്നില്ല. കുറെ കഴിഞ്ഞു കഷ്ടം തോന്നിയിട്ടാകണം , ഒരു മാലാഖ വന്നു ഫില്ലറിൽ അളന്നു രണ്ടേ രണ്ടു തുള്ളി വെള്ളം തന്നു . എന്താകാൻ..വായിൽ എത്തുന്നതിനു മുന്നേ അത് ആവിയായി പോയി. മണിക്കൂറുകൾ പിന്നെയും കഴിഞ്ഞു.അതുവരെയുള്ള ജീവിതം എന്നത്തേയ്ക്കുമായി മാറ്റി മറിച്ചുകൊണ്ടു ഒരു കൊച്ചു സുന്ദരി തന്നെ ഭൂജാതയായി.  ഞാൻ അപ്പോളേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ അരികിലെ മാലാഖ ചിരിച്ചു. തീയറ്ററിൽ നിന്ന് പുറത്തു വരാൻ പിന്നെയും സമയം എടുത്തു. വയറിൽ ഒരു ആന്തലായിരുന്നു. തളർന്നു അവശയായി അങ്ങനെ കിടക്കുമ്പോളാണ് മറ്റൊരു മാലാഖ ,സത്യമായും  ഇപ്പോൾ വെള്ള വസ്ത്രവും കിരീടവും ചൂടിയ പോലെ തോന്നിയ ഒറിജിനൽ മാലാഖ ഒരു പ്ലേറ്റിൽ ബ്രഡ്ഡും ഒരു ഗ്ലാസ് നിറയെ ആവി പറക്കുന്ന കട്ടൻ കാപ്പിയും ആയി വന്നത്. കുടിച്ചോളൂ ..എന്ന്  . ദേ  ആദ്യം പറഞ്ഞപോലെ...കണ്ണ് നിറഞ്ഞുപോയി. കണ്ണടച്ച് ഒരു പിടി ആയിരുന്നു. ഒരിച്ചിരി കൂടെ ..എന്ന് ചോദിച്ചപ്പോൾ മാലാഖ പിന്നെയും ഒഴിച്ച് തന്നു. സത്യത്തിൽ അത്രയ്ക്കും ആർത്തിയോടെ,  സ്വാദായി  ഒരു ആഹാരവും അതിനു മുന്നേ എന്നല്ല പിന്നെയും കഴിച്ചിട്ടില്ല.

അങ്ങനെ ആലോചിച്ചു വന്നപ്പോൾ പിന്നെ ഓർത്തത് മുത്തശ്ശനെ (അമ്മയുടെ അച്ഛൻ )  ആണ്. കഥകളി ആശാൻ , ഓതിക്കോൻ ,  ജ്യോതിഷി, കവി അങ്ങനെ ഒരു ഓൾ റൗണ്ടർ  ആയിരുന്നു മുത്തശ്ശൻ. ഒരു മധുരപ്രിയൻ.. സർവോപരി കട്ടൻ കാപ്പി പ്രേമിയും . 'അക്കുച്ച' എന്നാണ് മുത്തശ്ശൻ പേര  മക്കളെ (പെൺകുട്ടികളെ ) വിളിച്ചിരുന്നത്. പലപ്പോഴും വേനലവധിയും വിഷുവും അമ്മാത്ത്‌ (അമ്മയുടെ വീട്) ആയിരിക്കും .ആറ് മക്കളിലായി 15 ൽപരം പേരക്കുട്ടികളുണ്ടെങ്കിലും മുത്തശ്ശൻ എല്ലാവർക്കും വിഷു കൈനീട്ടം നൽകി ..വിഷുവല്ലെങ്കിൽ കൂടി തിരികെ പോരാൻ നേരത്തു "അക്കുച്ചേ ..ഇങ്ങു വാ "എന്ന് നീട്ടി വിളിച്ചു , പേഴ്സിൽ കയ്യിട്ടു  തപ്പി  ഒരു രൂപ എടുത്തു കയ്യിൽ തരും . 3 വയസ്സുള്ള കൊച്ചു മകൾക്കും 30 വയസുള്ള മകൾക്കും ഒരു രൂപ തന്നെയായിരിക്കും സമ്മാനം . മുത്തശ്ശൻ പേഴ്സിൽ കൈ ഇട്ട് കൈനീട്ടം എടുക്കുന്നത് വരെയുള്ള സമയം യുഗങ്ങളായി തോന്നിയിരുന്നു. പക്ഷെ ആ ഒരു രൂപയുടെ സ്നേഹത്തിനു ഒരുപാടായിരങ്ങളെക്കാൾ വിലയുണ്ടായിരുന്നു.

ആയിരത്തി തൊള്ളായിരത്തി എണ്പതുകളിലോ അതിനു മുന്നെയോ ആവണം , കട്ടൻ കാപ്പിയോടുള്ള അദമ്യമായ തൻ്റെ സ്നേഹത്തെ പറ്റി
 മുത്തശ്ശൻ ഒരു കവിത തന്നെ രചിച്ചു , കുട്ടിക്കാലത്തു വായിച്ചതോ  കേട്ടതോ ആയ ആ കവിതയുടെ മൂന്നോ നാലോ വരികൾ അല്ലാതെ എനിക്കധികം ഓർമ്മയില്ല . 
"...
മുട്ടാതെ പല്ലു തേയ്ക്കാതിരുപതു ദിവസം വാണിടാം , പ്രേമമേറും -
മറ്റോലും വാണിയാളെ (ഭാര്യയെ ആണ് കവി ഉദേശിച്ചത്‌.. ) പരിചിനൊടു പിരിഞ്ഞാറു മാസം വസിക്കാം ..
കൂട്ടാൻ കൂട്ടാതെ ഉണ്ണാം ,ഒരുപടി ദിനം എണ്ണ തേയ്ക്കാതിരിക്കാം 
കട്ടൻ ബെഡ് കോഫി കിട്ടാതിവനൊരു ദിവസം പോലുമേ വാഴ്ക വയ്യ !  " 
എന്നു പോകുന്നു വരികൾ .



മുത്തശ്ശന്റെ  സെൻസ് ഓഫ് ഹ്യൂമർ നു ഹാറ്റ്സ് ഓഫ്  ..അമൃതിനും പാല്പായസത്തിനും തുല്യമായിട്ടാണ് മുത്തശ്ശൻ കട്ടൻ കാപ്പിയെ കണ്ടത്. ഒട്ടും സ്വാദില്ലെങ്കിലും കട്ടൻ തരുന്നൊരുന്മേഷം ഉണ്ടല്ലോ..അതിനാണ് മാർക്ക് . കഥകളിയും ജ്യോതിഷവും കഴിഞ്ഞാൽ ചീട്ടു കളിക്കുക ആണ് മുത്തശ്ശന്റെ വിനോദം . പക്ഷെ കട്ടൻ കിട്ടാൻ ആ ചീട്ടുകളി പോലും വേണ്ടെന്നു വയ്ക്കാൻ പുള്ളി റെഡി. കഥകളി ആചാര്യനായ അദ്ദേഹം കട്ടന് വേണ്ടി ചാത്തൻ വേഷം കെട്ടാനും റെഡി .  പത്തു കെട്ടു പപ്പടം ഒറ്റ ഇരുപ്പിൽ ചുടാം ..കാട്ടാറിൽ ചാടണോ , ആനയുടെ കൊമ്പു പിടിക്കണോ എന്തിനു ഭാര്യയുടെ കാലു പിടിക്കാനും (ഒരു പത്തു നാല്പതു കൊല്ലം  മുൻപത്തെ മേൽ ഷോവനിസ്റ്റിക് സൊസൈറ്റി ആയിരുന്നു ബാക്ഗ്രൗണ്ട എന്നോർക്കണം )  മുത്തശ്ശൻ റെഡി ആയിരുന്നു. ഇതെല്ലാം കവിതയിൽ സരസമായി പറഞ്ഞിട്ടുള്ളതായാണ് ഓർമ .
എന്തായാലും ഐ എസ് ടി വിളിച്ചു അച്ഛനെ കൊണ്ട് മുത്തശ്ശൻറെ കവിത അലമാരയിൽ നിന്നും  തപ്പിയെടുപ്പിചിട്ടേ കലിപ്പുകൾ അടങ്ങിയുള്ളൂ  ..
(കട്ടൻ കാപ്പി കവിത , 1980 ഇൽ എഴുതിയത്.. ചുവടെ ചേർക്കുന്നു )






എൻ്റെ ഓർമകളിൽ കട്ടൻ കാപ്പിക്ക് കടുപ്പിൻ്റെ കവർപ്പില്ല.. മധുരമുള്ള മഞ്ഞോർമ്മയായി മുത്തശ്ശനും,  മാതൃത്വത്തിന്റെ മധു നുകരാൻ വെമ്പുന്ന കൊച്ചു സുന്ദരിയും മാത്രം ..എന്തായാലും ഈ കട്ടൻ കാപ്പി ഒരു സംഭവം തന്നെ..  നാലു  തലമുറകളെ ,ഓർമ്മയിലെങ്കിലും കൂട്ടിയിണക്കിയ 
ഒരു കണ്ണി.

കടപ്പാട് -കട്ടൻ കാപ്പി 


-R .